ദിമിയുടെ അവസ്ഥ അത് തന്നെ, കോച്ചിലേക്ക് ഒരുപാട് ദൂരം പോകാനുണ്ട്, വ്യക്തമാക്കി മാർക്കസ് മെർഗുലാവോ
കേരള ബ്ലാസ്റ്റേഴ്സിൽ ഒരു വലിയ മാറ്റങ്ങൾ വരുന്നു എന്നത് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ വുക്മനോവിച്ചിനെ പറഞ്ഞ് വിട്ടത് ഇതിന്റെ ഒരു തുടക്കമായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ നിർണായക താരങ്ങളായ അഡ്രിയാൻ ലൂണയും ദിമിത്രിയോസും ക്ലബ്ബ് വിടും എന്നുള്ള വാർത്തകൾ സജീവമാണ്. ഇത് ആരാധകരെ വളരെയധികം ആശങ്കപ്പെടുത്തുന്നതുമാണ്.
അതുകൊണ്ടുതന്നെ ദിമിയുടെ കാര്യം എന്തായി എന്നുള്ളത് ആവർത്തിച്ചാവർത്തിച്ച് മാർക്കസ് മെർഗുലാവോയോട് ബ്ലാസ്റ്റേഴ്സ് ആരാധകർ ചോദിക്കുന്നുണ്ട്.ഇന്നലെ അദ്ദേഹം ഇതിന് മറുപടി പറഞ്ഞിട്ടുണ്ട്. അതായത് ദിമിയുടെ സാഹചര്യങ്ങളിൽ ഇപ്പോൾ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.അതേ അവസ്ഥ തന്നെയാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സ് ഒരു ഓഫർ താരത്തിന് നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ ടേബിളിൽ ഓഫർ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.
എന്നാൽ അത് താരം സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല.ദിമി ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല എന്നതാണ് മെർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ മറ്റേതെങ്കിലും ക്ലബ്ബുകളിൽ നിന്ന് ഓഫർ ഉണ്ടോ എന്നത് ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല.ബ്ലാസ്റ്റേഴ്സിന്റെ ഓഫറിനെ കുറിച്ച് മാത്രമാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്.
ഇനി അടുത്തതായി ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അറിയേണ്ടത് പുതിയ പരിശീലകനെ കുറിച്ചാണ്.ഇവാൻ വുക്മനോവിച്ചിന്റെ പകരക്കാരനെ എപ്പോൾ നിയമിക്കും എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ വളരെ വേഗത്തിൽ അത് ഉണ്ടാവില്ല എന്നുള്ള കാര്യം മാർക്കസ് മെർഗുലാവോ സ്ഥിരീകരിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിൽ പുതിയ പരിശീലകൻ എത്താൻ ഒരല്പം കാലതാമസം ഉണ്ടാകും.
അതായത് പരിശീലകരുടെ കാര്യത്തിൽ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ പ്രാരംഭഘട്ടത്തിൽ മാത്രമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് എത്തിയിട്ടുള്ളത്. ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി ഇന്റർവ്യൂ നടത്തി അതിൽ നിന്നും അനുയോജ്യനായ ഒരാളെ കണ്ടു പിടിക്കുക എന്ന പ്രക്രിയയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഉള്ളത്.അതിന് സമയം പിടിക്കും എന്ന് തന്നെയാണ് ഇദ്ദേഹം പറയുന്നത്. നൂറിലധികം അപേക്ഷകൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. അതിൽ നിന്ന് 20 പേരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിക്കൊണ്ട് ഇന്റർവ്യൂ ചെയ്യാനാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.