ദിമി ഇല്ലായിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ അവസ്ഥ എന്താകുമായിരുന്നു?ഒരൊറ്റ മത്സരം കണ്ട് വിമർശിച്ചവർ ഇത് കാണുന്നുണ്ടല്ലോ,അല്ലേ?
കേരള ബ്ലാസ്റ്റേഴ്സ് കലിംഗ സൂപ്പർ കപ്പിൽ നടന്ന അവസാന രണ്ട് മത്സരങ്ങളിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ജംഷെഡ്പൂർ എഫ്സിയോട് രണ്ടിനെതിരെ 3 ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. അതിനുശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് വലിയ പരാജയം ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടിവന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തോൽപ്പിച്ചത്.
ഈ രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ആകെ നേടിയത് മൂന്നു ഗോളുകളാണ്. മൂന്ന് ഗോളുകളും നേടിയത് സ്ട്രൈക്കർ ദിമിത്രിയോസാണ്.ഈ സീസണിന്റെ തുടക്കത്തിലെ ഒന്ന് രണ്ട് മത്സരങ്ങളിൽ മങ്ങിയപ്പോൾ പതിവുപോലെ ദിമിക്കും വിമർശനങ്ങൾ നൽകേണ്ടി വന്നിരുന്നു. അദ്ദേഹത്തിന്റെ കമ്മിറ്റ്മെന്റിനെയും കപ്പാസിറ്റിയെയും പലരും ചോദ്യം ചെയ്തിരുന്നു. എന്നാൽ എല്ലാവർക്കും പ്രകടനം കൊണ്ട് ദിമി മറുപടി നൽകി കഴിഞ്ഞു.
പരിക്കിന്റെ പ്രശ്നങ്ങൾ എല്ലാം തരണം ചെയ്തു കൊണ്ടാണ് ദിമി ഈ സീസണിന് വേണ്ടി എത്തിയിരുന്നത്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെ ചുമലിൽ ഏറ്റുന്നത് അദ്ദേഹമാണ്.ഈ സീസണിൽ 10 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞു.ഈ സീസണിൽ 13 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 10 ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി 13 ഗോൾ പങ്കാളിത്തങ്ങളാണ് താരം വഹിച്ചിട്ടുള്ളത്.
1020 മിനിറ്റുകളാണ് ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുള്ളത്. അവസാനത്തെ 10 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ അദ്ദേഹം നേടി. ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ എത്രത്തോളം ആശ്രയിക്കുന്നു എന്നത് ഈ കണക്കുകളിൽ നിന്നും വളരെ വ്യക്തമാണ്. ഗോളടിക്കാൻ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ദിമിയെ മാത്രമാണ് ആശ്രയിച്ചു കൊണ്ടിരിക്കുന്നത്. മറ്റുള്ളവർ ഒന്നും തന്നെ ഗോളുകൾ നേടാത്തത് ബ്ലാസ്റ്റേഴ്സിനെ തിരിച്ചടിയാവുകയാണ് ചെയ്യുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഓൾ ടൈം ടോപ് സ്കോറർ ദിമി മാത്രമാണ് ഇപ്പോൾ.സീസണിന്റെ സെക്കൻഡ് ലെഗ്ഗിലും ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ ആശ്രയിക്കുക ഈ താരത്തെ തന്നെയായിരിക്കും.പക്ഷേ ഗോൾ അടിക്കുക എന്ന ചുമതല മറ്റുള്ള സ്ട്രൈക്കർമാർ കൂടി നിറവേറ്റിയില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്യുക.