കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമാണ് സൂപ്പർ സ്ട്രൈക്കറായ ദിമി.കേവലം 17 മത്സരങ്ങൾ മാത്രം കളിച്ച താരം 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിരുന്നു.തന്നെക്കാൾ കൂടുതൽ മത്സരങ്ങൾ കളിച്ച എതിരാളുകളെയെല്ലാം അദ്ദേഹം പിറകിലാക്കി ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയായിരുന്നു.ഈ സീസണിൽ പലപ്പോഴും ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത് ദിമിയുടെ മികവ് തന്നെയായിരുന്നു.
പക്ഷേ ഇനി അടുത്ത സീസണിൽ അദ്ദേഹം ക്ലബ്ബിനോടൊപ്പം ഇല്ല. രണ്ടു വർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് താൻ ക്ലബ്ബ് വിടുകയാണ് എന്നുള്ള കാര്യം ദിമി തന്നെ സ്ഥിരീകരിച്ചിരുന്നു. ഏത് ക്ലബിലേക്കാണ് അദ്ദേഹം പോകുന്നത് എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പക്ഷേ ഈസ്റ്റ് ബംഗാളിലേക്കാണ് അദ്ദേഹം പോകാൻ സാധ്യതയെന്ന് മാർക്കസ് മെർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ ദിമി ഒരുക്കമായിരുന്നു.ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് പുതുക്കാൻ വേണ്ടി ഒരു ഓഫർ അദ്ദേഹത്തിന് നൽകുകയും ചെയ്തിരുന്നു.പക്ഷേ ആ ഓഫർ അദ്ദേഹം സ്വീകരിച്ചിരുന്നില്ല.കാരണം അദ്ദേഹം ആഗ്രഹിച്ച രൂപത്തിലുള്ള ഒരു സാലറി അതിൽ ഉണ്ടായിരുന്നില്ല. കൂടുതൽ മെച്ചപ്പെട്ട സാലറിയായിരുന്നു ദിമി ആവശ്യപ്പെട്ടിരുന്നത്.അത് നൽകാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായിരുന്നില്ല.
അതേസമയം ഈസ്റ്റ് ബംഗാളിൽ നിന്നും അദ്ദേഹത്തിന് ഓഫർ ലഭിച്ചിട്ടുണ്ട്. അദ്ദേഹം ആഗ്രഹിക്കുന്ന രൂപത്തിലുള്ള ആകർഷകമായ ഒരു സാലറി തന്നെയാണ് അവർ വാഗ്ദാനം ചെയ്തിട്ടുള്ളത്.അതുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ ഈസ്റ്റ് ബംഗാളിലേക്ക് പോകാൻ നിൽക്കുന്നത്. ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ മാനേജ്മെന്റിനെതിരെ പ്രതിഷേധം ഉയർത്തുന്നുണ്ട്.
അതായത് ഇന്ത്യൻ സൂപ്പർ ലീഗ് ഏറ്റവും കൂടുതൽ വരുമാനം ഉള്ള ടീമുകളിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്സ് ആണ്. അത്രയധികം ആരാധക പിന്തുണയും സ്പോൺസർഷിപ്പും ബ്ലാസ്റ്റേഴ്സിന് ഉണ്ട്. എന്നിട്ടും ഈസ്റ്റ് ബംഗാൾ നൽകുന്നതുപോലെയുള്ള ഒരു ഓഫർ നൽകാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ലേ എന്നാണ് ചില ആരാധകർ സാമൂഹിക മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്. മാനേജ്മെന്റിന്റെ പിടിപ്പുകേട് കാരണമാണ് ദിമി പോകുന്നതെന്നും ആരാധകർ ആരോപിച്ചിട്ടുണ്ട്.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട് 2027 വരെ കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയിരുന്നു. പക്ഷേ ദിമിയുടെ കോൺട്രാക്ട് പുതുക്കാൻ കഴിയാത്തത് ആരാധകർക്ക് നിരാശയാണ് നൽകിയിട്ടുള്ളത്.ഇത്രയും മികച്ച ഒരു സ്ട്രൈക്കറെ ഇനി ലഭിക്കുമോ എന്നതാണ് ആരാധകരുടെ ചോദ്യം. മികച്ച ഒരു താരത്തെ തന്നെ കൊണ്ടുവരുമെന്നുള്ള പ്രതീക്ഷ ആരാധകർ വെച്ച് പുലർത്തുന്നുണ്ട്.