കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങുകയാണ് ചെയ്തത്. ജംഷെഡ്പൂർ എഫ്സി അവരുടെ മൈതാനത്ത് വച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ലീഡ് എടുത്തത്. പതിവ് പോലെ ദിമിയാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്. എന്നാൽ സിവേരിയോ ജംഷഡ്പൂരിന് സമനില ഗോൾ നേടിക്കൊടുക്കുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പ്രധാനമായും മുന്നോട്ടുപോകുന്നത് ദിമിയുടെ ഗോളടി മികവിനെ ആശ്രയിച്ചുകൊണ്ടുതന്നെയാണ്. മോഹൻ ബഗാനോട് പരാജയപ്പെട്ട മത്സരത്തിൽ രണ്ടു ഗോളുകളാണ് ഈ സ്ട്രൈക്കർ നേടിയത്.ഗോവയെ പരാജയപ്പെടുത്തിയ മത്സരത്തിൽ രണ്ട് ഗോളുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ഇപ്പോൾ ഈ സീസണിൽ ആകെ 20 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ ഈ ഗ്രീക്ക് സൂപ്പർ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രകടനം അദ്ദേഹം നടത്തുന്നു.
13 ഗോളുകളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ അദ്ദേഹം ഈ സീസണിൽ നേടിയിട്ടുള്ളത്.ടോപ് സ്കോററും അദ്ദേഹം തന്നെയാണ്. അതിനുപുറമേ മൂന്ന് അസിസ്റ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. സൂപ്പർ കപ്പിലെ പ്രകടനം കൂടി പരിഗണിക്കുമ്പോൾ ആകെ 20 ഗോൾ പങ്കാളിത്തത്തിലേക്ക് എത്താൻ ദിമിക്ക് സാധിച്ചിട്ടുണ്ട്. ഇത്രയും തകർപ്പൻ ഫോമിൽ കളിക്കുന്ന മറ്റൊരു താരം ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇല്ല എന്ന് തന്നെ പറയാം.
പക്ഷേ അദ്ദേഹത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. എന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് പൂർത്തിയാവുകയാണ്.അത് പുതുക്കാൻ വേണ്ടിയുള്ള ഓഫർ ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുണ്ട്.താരം തീരുമാനമൊന്നും അറിയിച്ചിട്ടില്ല. പക്ഷേ പല ക്ലബ്ബുകളും അദ്ദേഹത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. നാലോ അഞ്ചോ ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി രംഗത്തുണ്ട് എന്നുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നതാണ്.
ഇതിനിടെ ദിമിയുടെ കരാർ പുതുക്കണം എന്നുള്ള ആവശ്യം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ശക്തമാവുകയാണ്.എന്ത് വിലകൊടുത്തും താരത്തെ നിലനിർത്തണമെന്ന് തന്നെയാണ് ആവശ്യം. പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന് പരിമിതികൾ ഉണ്ട് എന്നുള്ള കാര്യം പരിശീലകൻ ഇവാൻ വുക്മനോവിച്ച് പറഞ്ഞിരുന്നു. അതായത് മികച്ച ഓഫർ ലഭിച്ചാൽ ദിമി മറ്റു ക്ലബ്ബുകളിലേക്ക് പോകാനുള്ള സാധ്യതകളെ ഒരു കാരണവശാലും തള്ളിക്കളയാൻ കഴിയില്ല.