ദിമിയുടെ പരിക്ക് എന്തായി? പ്ലേ ഓഫ് കളിക്കുമോ? മറുപടിയുമായി വുക്മനോവിച്ച്!
ഇന്ത്യൻ സൂപ്പർ ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കേരള ബ്ലാസ്റ്റേഴ്സ് വരുന്ന വെള്ളിയാഴ്ചയാണ് കളിക്കുക. വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 7:30ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്.ഹൈദരാബാദ് എഫ്സിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ്നോടും പരാജയപ്പെട്ടിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തിലെങ്കിലും വിജയിക്കാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്.അവസാനമായി കളിച്ച പതിനൊന്നു മത്സരങ്ങളിൽ 9 മത്സരങ്ങളിലും പരാജയപ്പെട്ടുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് വരുന്നത്. എന്നാൽ പ്ലേ ഓഫ് യോഗ്യത നേടാനായി എന്നത് മാത്രമാണ് ഇവിടുത്തെ ആശ്വാസകരമായ കാര്യം.
കേരള ബ്ലാസ്റ്റേഴ്സിന്റെ നിർണായക താരമായ ദിമിത്രിയോസ് പരിക്കിന്റെ പിടിയിലാണ്.കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം കളിച്ചിരുന്നില്ല.വരുന്ന ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലും അദ്ദേഹം കളിക്കില്ല എന്നുള്ള കാര്യം വുക്മനോവിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അടുത്ത ആഴ്ച അദ്ദേഹം ടീമിനോടൊപ്പം ചേരുമെന്നുള്ള ശുഭപ്രതീക്ഷയും വുക്മനോവിച്ച് പങ്കുവെച്ചിട്ടുണ്ട്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
ദിമി നിലവിൽ നമ്മുടെ മെഡിക്കൽ ടീമിനോടൊപ്പമാണ് ഉള്ളത്. അദ്ദേഹം ഇപ്പോൾ പരിശീലനം നടത്തുന്നില്ല. അതുകൊണ്ടുതന്നെ ഹൈദരാബാദിനെതിരെയുള്ള മത്സരത്തിനു വേണ്ടി അദ്ദേഹം യാത്ര ചെയ്യുകയുമില്ല.അടുത്ത ആഴ്ച നടക്കുന്ന ട്രെയിനിങ്ങിൽ അദ്ദേഹം ജോയിൻ ചെയ്യുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അദ്ദേഹം പ്ലേ ഓഫ് കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങളുണ്ട്,ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് ദിമി കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ യാതൊരുവിധ ഉറപ്പുകളും ഇല്ല. അടുത്ത ആഴ്ച അദ്ദേഹം ട്രെയിനിങ്ങിന് ജോയിൻ ചെയ്യുകയും അദ്ദേഹത്തിന്റെ റിക്കവറി പൂർത്തിയാവുകയും ചെയ്താൽ മാത്രമാണ് അദ്ദേഹം കളിക്കുക. അല്ലെങ്കിൽ ഈ സ്ട്രൈക്കറുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കളിക്കേണ്ടി വന്നേക്കും.