ദിമിയെ അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ മനസ്സില്ല,ബ്ലാസ്റ്റേഴ്സ് മുന്നോട്ട് വെച്ചിരിക്കുന്നത് വമ്പൻ ഓഫറെന്ന് സൂചനകൾ!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസ് നിലവിൽ മികച്ച പ്രകടനമാണ് ക്ലബ്ബിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ക്ലബ്ബിന്റെ ഗോളടി പ്രധാനമായും അദ്ദേഹത്തെ ആശ്രയിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്.15 ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് താരം 12 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ക്ലബ്ബിന് വേണ്ടിയും ഇന്ത്യൻ സൂപ്പർ ലീഗിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഇപ്പോൾ ദിമിയാണ്.
അദ്ദേഹത്തിന്റെ ഈ മിന്നും ഫോം കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷം നൽകുന്നുണ്ടെങ്കിലും ആശങ്ക നൽകുന്ന മറ്റുകാര്യങ്ങൾ മറുഭാഗത്ത് സംഭവിക്കുന്നുണ്ട്.അതായത് താരത്തിന്റെ കോൺട്രാക്ട് അവസാനിക്കുകയാണ്.ഈ കരാർ ഇതുവരെ പുതുക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ മൂന്നോ നാലോ ഐഎസ്എൽ ക്ലബ്ബുകളിൽ നിന്നും താരത്തിന് ഓഫറുകൾ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ.മുംബൈ സിറ്റി ആകർഷകമായ ഓഫർ നൽകിയിട്ടുണ്ട്. എന്നാൽ അദ്ദേഹം തന്റെ രാജ്യമായ ഗ്രീസിലേക്ക് മടങ്ങി പോകാൻ ആഗ്രഹിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
പക്ഷേ താരത്തെ വളരെ എളുപ്പത്തിൽ വിട്ടു നൽകാൻ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല. ക്ലബ്ബിന് വേണ്ടി വളരെയധികം ആത്മാർത്ഥതയോടു കൂടി കളിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ദിമി. അദ്ദേഹത്തെ നിലനിർത്തണമെന്ന ആരാധകരുടെ ആവശ്യം ശക്തമായി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് വളരെ ആകർഷകമായ ഒരു ഓഫറാണ് താരത്തിന് നൽകിയിട്ടുള്ളത് എന്ന സൂചനകൾ ലഭിച്ചു കഴിഞ്ഞു.കോൺട്രാക്ട് പുതുക്കാൻ വേണ്ടിയുള്ള ഒരു ഓഫർ ബ്ലാസ്റ്റേഴ്സ് താരത്തിന് നൽകിയിട്ടുണ്ട്.
രണ്ട് വർഷത്തെ ഒരു ഓഫറാണ് അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. നിലവിൽ ക്ലബ്ബ് അദ്ദേഹത്തിന് നൽകുന്ന സാലറിയുടെ ഇരട്ടിയോളം സാലറി താരത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.അതായത് മറ്റുള്ള ക്ലബ്ബുകൾ ആകർഷകമായ സാലറി അദ്ദേഹത്തിന് ഓഫർ ചെയ്തിരുന്നു. അതിന് സമമായ ഒരു സാലറി തന്നെ ബ്ലാസ്റ്റേഴ്സും വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. മാത്രമല്ല ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ എത്തിയാൽ താരത്തിന് ബോണസും ലഭിക്കും.
അങ്ങനെ മികച്ച ഒരു ഓഫർ തന്നെയാണ് താരത്തിന് ബ്ലാസ്റ്റേഴ്സിൽ നിന്നും ലഭിച്ചിട്ടുള്ളത്. പക്ഷേ ദിമിയുടെ തീരുമാനം എന്താണ് എന്നത് വ്യക്തമല്ല.അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിടുന്ന കാര്യം വളരെ ഗൗരവത്തോടുകൂടി തന്നെ പരിഗണിക്കുന്നുണ്ട്. കുടുംബത്തോടൊപ്പം ചിലവഴിക്കാൻ വേണ്ടി ഗ്രീസിലേക്ക് മടങ്ങുന്ന കാര്യവും അദ്ദേഹം പരിഗണിക്കുന്നുണ്ട്. ചുരുക്കത്തിൽ അദ്ദേഹത്തെ നിലനിർത്തുക എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമുള്ള കാര്യമല്ല.