തകർപ്പൻ പ്രകടനവും ഗോൾഡൻ ബൂട്ടും,ദിമിയുടെ മൂല്യത്തിലും കുതിപ്പ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമിത്രിയോസ് ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. എതിരാളികളെക്കാൾ കുറവ് മത്സരം കളിച്ചിട്ടും ഐഎസ്എല്ലിലെ ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കിയത് ദിമിയാണ്. ആദ്യമായാണ് ഒരു കേരള ബ്ലാസ്റ്റേഴ്സ് താരം ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്നത്.
2022/23 സീസണിൽ ദിമി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 21 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 10 ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.22 ഷോട്ടുകൾ അദ്ദേഹം ലക്ഷ്യത്തിലേക്ക് ഉതിർക്കുകയും ചെയ്തു.എന്നാൽ ഈ സീസണിൽ അദ്ദേഹത്തിന്റെ പ്രകടനം ഏറെ മെച്ചപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
2023/24 സീസണിൽ ദിമി 17 മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.23 ഷോട്ടുകൾ അദ്ദേഹം ലക്ഷ്യത്തിലേക്ക് ഉതിർക്കുകയും ചെയ്തു. ആദ്യ സീസണിനേക്കാൾ കുറവ് മത്സരം കളിച്ചിട്ടും ഈ സീസണിലാണ് അദ്ദേഹം കൂടുതൽ മികവ് പുലർത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ പുരോഗതി ഇതിൽനിന്നും വളരെ വ്യക്തമാണ്.
അതുകൊണ്ടുതന്നെയാണ് താരത്തിന്റെ മൂല്യവും ഇപ്പോൾ വർദ്ധിച്ചിട്ടുള്ളത്.ട്രാൻസ്ഫർ മാർക്കറ്റ് അദ്ദേഹത്തിന്റെ പഴയ മൂല്യവും പുതുക്കിയ മൂല്യവും പുറത്തുവിട്ടിട്ടുണ്ട്. ആദ്യത്തെ സീസൺ അവസാനിക്കുമ്പോൾ 4 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ മൂല്യം.എന്നാൽ അതിൽ ഇപ്പോൾ മാറ്റം സംഭവിച്ചിട്ടുണ്ട്.4.8 കോടി രൂപയാണ് അദ്ദേഹത്തിന്റെ മൂല്യം വരുന്നത്.80 ലക്ഷത്തിന്റെ വർദ്ധനവ് ഒരൊറ്റ സീസണിൽ കൊണ്ടുമാത്രം സംഭവിച്ചിട്ടുണ്ട്.
ഈ പ്രകടന മികവുകൊണ്ടുതന്നെയാണ് പല ക്ലബ്ബുകൾ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി മുന്നോട്ടുവന്നിട്ടുള്ളത്.ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റ് മൂന്ന് ക്ലബ്ബുകളിൽ നിന്നും അദ്ദേഹത്തിന് ഓഫർ ലഭിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ തീരുമാനങ്ങൾ ഒന്നും താരം എടുത്തിട്ടില്ല.ബ്ലാസ്റ്റേഴ്സിന്റെ ഓഫർ താരം പ്രതീക്ഷിച്ച രീതിയിലുള്ള ഒരു ഓഫർ അല്ലാത്തതിനാൽ അദ്ദേഹം വിട്ടാലും അത്ഭുതപ്പെടേണ്ടതില്ല.