കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണ പതിവുപോലെ ഈ സീസണിലും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ബ്ലാസ്റ്റേഴ്സ് കളിച്ച ഒൻപത് മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരങ്ങളിൽ ഒരാൾ ലൂണയാണ്. 3 ഗോളുകളും നാല് അസിസ്റ്റുകളുമായി ആകെ 7 ഗോൾ പങ്കാളിത്തങ്ങൾ ലൂണ നേടിക്കഴിഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരവും ലൂണ തന്നെയാണ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മികവിൽ ഒരു യന്ത്രമായി കൊണ്ട് പ്രവർത്തിക്കുന്നത് ലൂണയാണ്. താരത്തിന്റെ സാന്നിധ്യം സഹതാരങ്ങൾക്കെല്ലാം വലിയ മുതൽക്കൂട്ടാണ്. അക്കാര്യം സൂപ്പർ സ്ട്രൈക്കർ ആയ ദിമി തുറന്ന് പറഞ്ഞിട്ടുണ്ട്.
ലൂണക്ക് തന്നെ നന്നായി അറിയാനും മനസ്സിലാക്കാനും സാധിക്കുന്നു എന്നാണ് ദിമി പറഞ്ഞിട്ടുള്ളത്. എപ്പോൾ എവിടെ എങ്ങനെ എന്നൊക്കെ ലൂണക്കറിയാമെന്നും അദ്ദേഹമാണ് തനിക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതെന്നും ദിമി പറഞ്ഞിട്ടുണ്ട്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.ദിമിയുടെ വാക്കുകൾ ഇപ്രകാരമാണ്.
ലൂണയാണ് എനിക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നത്.ഞാൻ മുന്നോട്ടു പോകുമ്പോൾ എനിക്ക് പന്ത് ലഭിക്കുമെന്ന് എനിക്ക് തന്നെ അറിയാം. അതിന് കാരണം ലൂണയുടെ സാന്നിധ്യമാണ്.കാരണം എന്റെ നീക്കങ്ങൾ അദ്ദേഹത്തിന് കൃത്യമായി അറിയാം. എനിക്ക് എപ്പോൾ എവിടെ എങ്ങനെ പന്ത് വേണമെന്ന് ലൂണക്ക് മനസ്സിലാവും. എന്റെ ചലനങ്ങൾ അദ്ദേഹത്തിന് അറിയാം.ഒരു സ്ട്രൈക്കറെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇത്. എന്നെ മനസ്സിലാക്കാനും എന്റെ കളി മികവിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു,ദിമി പറഞ്ഞു.
കഴിഞ്ഞ സീസണിലും തിളങ്ങിയ ഒരു കൂട്ടുകെട്ട് തന്നെയാണ് ദിമിയും ലൂണയും. ഇനി വളരെ പ്രധാനപ്പെട്ട മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്.ഈ രണ്ടുപേരും പൂർണ്ണ മികവിലേക്ക് ഉയരേണ്ടത് അത്യാവശ്യമായ ഒരു കാര്യം കൂടിയാണ്.കഴിഞ്ഞ രണ്ടു മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു.