ഏഷ്യയിലേക്ക് വരാൻ ആഗ്രഹിച്ച സമയത്താണ് ഈ ആരാധക കൂട്ടത്തെക്കുറിച്ച് ഞാൻ കേൾക്കുന്നത്: ബ്ലാസ്റ്റേഴ്സിലെത്തിയത് വിവരിച്ച് ദിമിത്രിയോസ്.
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന തങ്ങളുടെ ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോവയെ നേരിടുകയാണ്.ആ മത്സരം അരങ്ങേറാൻ ഇനി കേവലം മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.ഗോവയുടെ മൈതാനത്ത് വച്ചുകൊണ്ട് തന്നെയാണ് ആ മത്സരം നടക്കുക. ഈ മത്സരത്തിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമിത്രിയോസ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ വെബ്സൈറ്റിന് ഒരു അഭിമുഖം നൽകിയിരുന്നു.പലകാര്യങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിലും തകർപ്പൻ പ്രകടനമാണ് ദിമി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ അദ്ദേഹം നേടിയിരുന്നു.അതിൽ അദ്ദേഹം നേടിയ രണ്ടാം ഗോൾ ഒരു വേൾഡ് ക്ലാസ് ഗോൾ ആയിരുന്നു.ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ച് പോലും അതിൽ അത്ഭുതം പ്രകടിപ്പിച്ചിരുന്നു.കിടിലൻ ലോങ്ങ് റെയിഞ്ച് ഗോളായിരുന്നു അത്.
എന്തായാലും ഇന്ത്യയിലേക്കും കേരള ബ്ലാസ്റ്റേഴ്സിലേക്കും എത്താനുള്ള സാഹചര്യത്തെക്കുറിച്ച് ദിമി ഇപ്പോൾ മനസ്സ് തുറന്നു സംസാരിച്ചിട്ടുണ്ട്. ഏഷ്യയിലേക്ക് വരാൻ ആഗ്രഹിച്ചപ്പോൾ തന്നെ തനിക്ക് കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ചും അവരുടെ വലിയ ആരാധകരെ കുറിച്ചും അറിയാൻ സാധിച്ചു എന്നാണ് ദിമി പറഞ്ഞിട്ടുള്ളത്. കൂടാതെ പരിശീലകനായ വുക്മനോവിച്ചിനോട് ക്ലബ്ബിനെ കുറിച്ച് സംസാരിച്ചുവെന്നും ഈ ഗ്രീക്ക് സ്ട്രൈക്കർ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
ഏഷ്യയിൽ ഒന്ന് എക്സ്പ്ലോർ ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നു.ആ സമയത്താണ് ഈ ടീമിനെക്കുറിച്ചും ഈ ടീമിന്റെ വലിയ ആരാധക കൂട്ടത്തെ കുറിച്ചും ഞാൻ അറിഞ്ഞത്. മാത്രമല്ല ഞാൻ മുഖ്യ പരിശീലകനായ ഇവാൻ വുക്മനോവിച്ചിനോട് സംസാരിക്കുകയും ചെയ്തു.തീർച്ചയായും ഇവിടെ ബെനഫിറ്റുകൾ എനിക്ക് കാണാനായി.ഏഷ്യയിലേക്ക് വരാനുള്ള യഥാർത്ഥ സമയം ഇതാണെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. ഇന്ത്യയിലെ ലീഗ് ഓരോ വർഷവും വളരുന്ന ലീഗാണ്.ഇവിടുത്തെ ടീമുകളും വളരുകയാണ്,ഇതാണ് ദിമി ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
പരിക്ക് മൂലം ക്ലബ്ബിനോടൊപ്പമുള്ള പ്രീ സീസൺ ഈ സൂപ്പർതാരത്തിന് നഷ്ടമായിരുന്നു.ഇതുവരെ ആറു മത്സരങ്ങളാണ് ലീഗിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിനോടൊപ്പം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് നാല് ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്.ഇന്ന് നടക്കുന്ന ഗോവക്കെതിരെയുള്ള മത്സരത്തിലും വലിയ പ്രതീക്ഷകളാണ് ആരാധകർ അദ്ദേഹത്തിൽ അർപ്പിച്ചിട്ടുള്ളത്.