കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുന്ന മത്സരത്തിൽ ഇറങ്ങുന്നത് മോഹൻ ബഗാനെതിരെയാണ്. മോഹൻ ബഗാനിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മികച്ച ഫോമിലാണ് കളിക്കുന്നത് എന്ന കാര്യത്തിൽ തർക്കങ്ങൾ ഇല്ല. ആകെ കളിച്ച പതിനൊന്നു മത്സരങ്ങളിൽ ഏഴ് മത്സരങ്ങളിലും വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു വിട്ടുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിന് വരുന്നത്. പക്ഷേ മോഹൻ ബഗാൻ നിസ്സാരക്കാരല്ല. അവരെ എഴുതിത്തള്ളാൻ സാധിക്കുകയുമില്ല. മിന്നും ഫോമിൽ കളിക്കുന്ന ദിമിത്രിയോസാണ് ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ കരുത്ത്.അദ്ദേഹം ഇപ്പോൾ ഗോളടിച്ചു കൂട്ടുന്ന തിരക്കിലാണ്.
കഴിഞ്ഞ മത്സരത്തിൽ മുംബൈക്കെതിരെ ഗോൾ നേടിയതോടുകൂടി ഒരു നേട്ടം അദ്ദേഹം സ്വന്തമാക്കി.ഐഎസ്എല്ലിലെ എല്ലാ ടീമുകൾക്കെതിരെയും അദ്ദേഹം ഇപ്പോൾ ഗോൾ നേടിയിട്ടുണ്ട്.ദിമിയുടെ ബൂട്ടിന്റെ ചൂടറിയാത്ത എതിർ ടീമുകളില്ല.ഐഎസ്എല്ലിലെ ഏത് ടീമും ഏത് മണ്ണും തനിക്ക് സമമാണ് എന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം.
താരത്തെ പ്രശംസിച്ചുകൊണ്ട് പരിശീലകൻ ഇവാൻ വുക്മനോവിച്ച് മുന്നോട്ടു വന്നിട്ടുണ്ട്.’ എത്ര ഗോളടിച്ചാലും മതിവരാത്ത, അടങ്ങാത്ത ഗോൾ ദാഹമുള്ള ഒരു താരമാണ് ദിമി. ഗോളുകൾ നേടാനും ആരാധകരെ സന്തോഷിപ്പിക്കാനും ടീമിനെ സഹായിക്കാനും വേണ്ടിയുള്ള അശ്രാന്ത പരിശ്രമത്തിലാണ് അദ്ദേഹം. അത് ഞങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യമാണ്. യൂറോപ്പിലെ ഹൈ ലെവലിൽ കളിച്ചിട്ടുള്ള അദ്ദേഹം മികച്ച താരങ്ങളിൽ ഒരാളാണെന്ന് തെളിയിക്കുന്നു.അദ്ദേഹത്തെ ഞങ്ങൾക്ക് ലഭിച്ചതിൽ സന്തോഷമുണ്ട്.ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു,ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ 9 മത്സരങ്ങളാണ് ദിമി കളിച്ചിട്ടുള്ളത്. അതിൽനിന്ന് 6 ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ആകെ 30 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച താരം 16 ഗോളുകൾ നേടിയിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ ഇപ്പോൾ ദിമിയാണ്.