ദിമി ISLൽ തന്നെ തുടരും, പോകാൻ ഉദ്ദേശിക്കുന്ന ക്ലബ്ബ് വ്യക്തമാക്കി മാർക്കസ് മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായിരുന്ന ദിമിയെ നമുക്ക് ഇനി ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ കാണാൻ കഴിയില്ല.രണ്ടുവർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് അദ്ദേഹം ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞു.ഇന്നലെ ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്.ഇനി താൻ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവില്ല എന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.ഇത്രയും മികച്ച ഒരു സ്ട്രൈക്കറെ ഇനി ലഭിക്കുമോ എന്നത് സംശയകരമാണ്. കഴിഞ്ഞ രണ്ട് സീസണുകളിലെ ദിമിയുടെ കണക്കുകൾ അദ്ദേഹത്തിന്റെ മികവ് വിളിച്ചോതുന്നതാണ്.അദ്ദേഹത്തെ നിലനിർത്തുന്നതിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.ക്ലബ്ബിൽ തുടരാൻ അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു.
പക്ഷേ അദ്ദേഹം ആഗ്രഹിച്ച രൂപത്തിലുള്ള ഒരു ഓഫർ നൽകാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായില്ല. ഇതോടുകൂടിയാണ് ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയായ ദിമി ക്ലബ്ബ് വിട്ടത്. പക്ഷേ അദ്ദേഹം ഐഎസ്എൽ വിട്ടു പുറത്തു പോകാൻ ഉദ്ദേശിക്കുന്നില്ല.ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ കാണും. ഈസ്റ്റ് ബംഗാൾ എഫ്സിയിലേക്ക് അദ്ദേഹം പോകാൻ സാധ്യതയുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചത് മാർക്കസ് മെർഗുലാവോയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ താരവുമായി ഈസ്റ്റ് ബംഗാൾ ചർച്ചകൾ നടത്തുന്നുണ്ട്.മാത്രമല്ല താരം ആഗ്രഹിച്ച രൂപത്തിലുള്ള ഒരു ഓഫറും അവർ നൽകിയിട്ടുണ്ട്.ഈ ഓഫർ സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്ക് പോകുന്നത്.അതേസമയം മുംബൈ സിറ്റിയും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ നിലവിൽ ഈസ്റ്റ് ബംഗാളാണ് മുന്നിട്ടുനിൽക്കുന്നത് എന്നുള്ളത് നമുക്ക് അറിയാൻ കഴിയുന്നുണ്ട്.
13 ഗോളുകളാണ് കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ അദ്ദേഹം നേടിയത്. മൂന്ന് അസിസ്റ്റുകളും ഉണ്ടായിരുന്നു.അതിന് മുൻപത്തെ സീസണിൽ പത്ത് ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം നേടിയിരുന്നു. അദ്ദേഹത്തിന്റെ വിടവ് അത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി ഏൽപ്പിക്കുന്ന കാര്യം തന്നെയാണ്.