ഇപ്പോൾ അവസാനിച്ച സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം ദിമിയാണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. കേവലം 17 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ അദ്ദേഹം ക്ലബ്ബിനായി നേടി. അങ്ങനെ ഗോൾഡൻ ബൂട്ട് അദ്ദേഹം ആദ്യമായി ബ്ലാസ്റ്റേഴ്സിൽ എത്തിച്ചു. 20 ഗോൾ പങ്കാളിത്തങ്ങൾ നേടിയ അദ്ദേഹം തന്നെയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബൂഷൻസ് നൽകിയ താരവും.
പക്ഷേ ഇത്രയും മികച്ച താരത്തെ ബ്ലാസ്റ്റേഴ്സ് കൈവിടാനുള്ള സാധ്യതകൾ വർദ്ധിക്കുകയാണ് ചെയ്യുന്നത്.ദിമിയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കുകയാണ്. ഇത് പുതുക്കാൻ വേണ്ടിയുള്ള ഒരു ഓഫർ ബ്ലാസ്റ്റേഴ്സ് ആദ്യം നൽകിയിരുന്നുവെങ്കിലും അത് നിരസിച്ചു.രണ്ടാമതും ക്ലബ്ബ് ഒരു ഓഫർ പുതുക്കി നൽകിയിരുന്നു.എന്നാൽ അതും സ്വീകരിക്കാനുള്ള ഭാവമൊന്നും അദ്ദേഹത്തിനില്ല. എന്തെന്നാൽ അതിലും മികച്ച ഓഫറുകൾ എതിരാളികളിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ബംഗളൂരു എഫ്സിയാണ് അദ്ദേഹത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ മുന്നിട്ടുനിൽക്കുന്നത്. അടുത്ത സീസണിൽ ടീമിനെ ശക്തിപ്പെടുത്താൻ ബംഗളൂരു തീരുമാനിച്ചിരുന്നു. കിരീട ജേതാക്കളായ മുംബൈ സിറ്റിയിൽ നിന്നും സൂപ്പർ താരങ്ങളായ ഡയസ്,തിരി,രാഹുൽ ഭേക്കെ,നൊഗുവേര എന്നിവരെ അവർ സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെയാണ് അവർക്ക് ദിമിയെ കൂടി വേണ്ടത്.
എന്നാൽ ഈസ്റ്റ് ബംഗാളും താരത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട്. അവരുടെ ആദ്യത്തെ ഓഫർ ദിമി നിരസിച്ചിരുന്നു.പക്ഷേ കൂടുതൽ മികച്ച ഓഫർ അവർ നൽകിയിട്ടുണ്ട്. അത് മുഖാന്തരം അദ്ദേഹത്തെ സ്വന്തമാക്കാൻ കഴിയും എന്ന് പ്രതീക്ഷയിലാണ് അവർ.ചുരുക്കത്തിൽ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ ഇവിടെ കുറഞ്ഞു വരികയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. എന്നിരുന്നാലും ദിമി ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഒരുപാട് ബ്ലാസ്റ്റേഴ്സ് ആരാധകർ ഇവിടെയുണ്ട്. അതേസമയം ദിമിയുടെ കാര്യത്തിൽ ഹൃദയഭേദകമായ ഒരു പ്രഖ്യാപനം സംഭവിച്ചേക്കാമെന്നും വിശ്വസിക്കുന്നവർ നിരവധിയാണ്.