കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ രണ്ടാമത്തെ മത്സരത്തിനു വേണ്ടി ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ ഈസ്റ്റ് ബംഗാൾ എഫ്സിയാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നടക്കുക. കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാമത്തെ ഹോം മത്സരമാണ് ഇത്.കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.
അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ ഒരു വിജയം ക്ലബ്ബിന് അനിവാര്യമാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിച്ചു കൂട്ടിയ ദിമി ഇന്ന് ക്ലബ്ബിന്റെ എതിരാളിയാണ്.ഈസ്റ്റ് ബംഗാളിന് വേണ്ടി ഇന്ന് അദ്ദേഹം ബൂട്ടണിയും.കഴിഞ്ഞ സീസണിൽ അദ്ദേഹം ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു. ഇന്ന് താരത്തിന്റെ സ്ഥാനത്ത് ജീസസ് ജിമിനസാണ് കളിക്കുന്നത്.
ആദ്യ മത്സരത്തിൽ ഗോളടിക്കാൻ ജീസസിന് കഴിഞ്ഞിരുന്നു.ദിമിയെ കുറിച്ച് താൻ കേട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കാര്യത്തിൽ ഹാപ്പിയാണ് എന്നുമാണ് ജീസസ് പറഞ്ഞിട്ടുള്ളത്. ഇത്തവണത്തെ ഗോൾഡൻ ബൂട്ട് തനിക്ക് നേടേണ്ടതുണ്ടെന്നും ജീസസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ കഴിഞ്ഞ സീസണിലെ സ്ട്രൈക്കർ ആയ ദിമിയെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്.പക്ഷേ സാധ്യമായ എല്ലാ രീതിയിലും എന്റെ ടീമിനെ സഹായിക്കാൻ വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയിട്ടുള്ളത്.എനിക്ക് ഗോൾഡൻ ബൂട്ട് നേടാൻ കഴിഞ്ഞാൽ അത് വളരെയധികം സന്തോഷം നൽകുന്ന കാര്യമായിരിക്കും. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമാണ് ‘ഇതാണ് ജീസസ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ജീസസ് ഇറങ്ങിയിരുന്നത്. എന്നാൽ ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ തന്നെ അദ്ദേഹം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.കൂടുതൽ ഗോളുകൾ അദ്ദേഹത്തിൽ നിന്നും ഇപ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.