ചാരുകസേരയിലെ യോദ്ധാക്കൾ: നിഖിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ പരിഹസിച്ചുവെന്ന ആരോപണം ശക്തം!
സമീപകാലത്ത് വലിയ വിമർശനങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനും മാനേജ്മെന്റിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.അതിന് ഒരുപാട് കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാരണം ആരാധകർ ആഗ്രഹിക്കുന്നത് പോലെയുള്ള സൈനിങ്ങുകൾ ക്ലബ്ബ് നടത്തിയില്ല എന്നുള്ളതാണ്.കൂടാതെ ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് പുറത്തായി. ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ഫെസിലിറ്റിയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതകളില്ല. കൂടാതെ ഐഎസ്എല്ലിൽ കിരീടം ഇല്ലാത്ത ഏക ക്ലബ്ബ് ആയിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് മാറുകയും ചെയ്തു.
ഇതോടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ രോഷം പതിന്മടങ്ങ് വർദ്ധിച്ചത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജിംഗ് ഡയറക്ടറായ നിഖിൽ ഇതിനെല്ലാം കൃത്യമായ മറുപടികൾ നൽകിയിട്ടുണ്ട്. എല്ലാ കാര്യത്തിലും ഒരു വ്യക്തത വരുത്തുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. പക്ഷേ അദ്ദേഹത്തിന്റെ ട്വീറ്റിലെ ചില കാര്യങ്ങൾ ആരാധകർക്ക് ഒട്ടും ദഹിക്കാത്തതാണ്.കേരള ബ്ലാസ്റ്റേഴ്സിനെ വിമർശിക്കുന്നവരെ ചാരുകസേരയിലെ യോദ്ധാക്കൾ എന്നാണ് ഇദ്ദേഹം അധിക്ഷേപിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ട്വീറ്റിലെ പ്രസക്തഭാഗങ്ങളിലേക്ക് പോകാം.
‘ മാനേജ്മെന്റിനെതിരെയും ക്ലബ്ബിനെതിരെയും വിശ്രമമില്ലാത്ത രൂപത്തിലുള്ള പ്രകോപനങ്ങളും അവഹേളനങ്ങളുമാണ് വരുന്നത്.ചാരുസേരയിലെ ചില യോദ്ധാക്കളാണ് ഇതിനു പിറകിൽ. ഞങ്ങളെ അവഹേളിക്കാൻ വേണ്ടി ഇല്ലാത്ത കിംവദന്തികളും പാതി വിവരങ്ങളും തെറ്റായ കാര്യങ്ങളുമൊക്കെ അവർ പ്രചരിപ്പിക്കുന്നു. എന്തുകൊണ്ടാണ് ഇതിനെതിരെ പ്രതികരിക്കാത്തത് എന്നുള്ളത് നിങ്ങൾക്ക് തോന്നിയിരിക്കാം. നിർഭാഗ്യവശാൽ ക്ലബ്ബിന് നെഗറ്റീവായിട്ടുള്ള ഒരു മുഖം ഇതെല്ലാം നൽകിയിട്ടുണ്ട്.
പല കാര്യങ്ങളും വളച്ചൊടിക്കപ്പെട്ടതിനാൽ കൃത്യമായ അപ്ഡേറ്റുകൾ ഞാൻ നിങ്ങൾക്ക് നൽകാൻ പോവുകയാണ്. ക്ലബ്ബിന്റെ പരിശീലന സൗകര്യങ്ങൾ,ടൈറ്റിൽ സ്പോൺസർമാർ,കിറ്റിംഗ് പങ്കാളികൾ എന്നിവരെ കുറിച്ചൊക്കെ വ്യക്തമായ വിവരങ്ങൾ ഞാൻ നിങ്ങൾക്ക് നൽകാനുള്ള ഒരു ശ്രമം നടത്തുകയാണ് ‘ ഇതാണ് അദ്ദേഹത്തിന്റെ പോസ്റ്റിന്റെ ആദ്യ പാരഗ്രാഫിൽ ഉണ്ടായിരുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ തന്നെയാണ് പ്രധാനമായും ക്ലബ്ബിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. എന്നാൽ ആ വിമർശനങ്ങൾ ഉൾക്കൊള്ളുന്നതിന് പകരം അവരെ ചാരുകസേരയിലെ യോദ്ധാക്കൾ എന്ന് വിശേഷിപ്പിച്ചത് ഒരിക്കലും ശരിയായില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വലിയ ഒരു പോസ്റ്റ് തന്നെയാണ് അദ്ദേഹം തന്റെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുള്ളത്. വലിയ വിമർശനങ്ങൾ ഉയർന്നതോടുകൂടിയാണ് അദ്ദേഹം ഇതിന് നിർബന്ധിതനായത്.