കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നടക്കുന്നത്.കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് നടക്കുന്ന ഈ മത്സരത്തിൽ എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.ഒരു മികച്ച വിജയത്തോടുകൂടി ഈ സീസണിന് തുടക്കം കുറിക്കാൻ കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ പഞ്ചാബ് സമീപകാലത്ത് ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ വലിയ പ്രതിഷേധങ്ങളാണ് നടത്തിയത്.അതിന്റെ പ്രധാന കാരണം ഇപ്പോൾ അവസാനിച്ച ട്രാൻസ്ഫർ വിൻഡോയിൽ ആരാധകർ ആഗ്രഹിച്ച പോലെയുള്ള ട്രാൻസ്ഫറുകൾ ഒന്നും നടന്നിട്ടില്ല എന്നുള്ളത് തന്നെയാണ്.പ്രത്യേകിച്ച് മികച്ച ഇന്ത്യൻ താരങ്ങളെ ക്ലബ്ബ് സൈൻ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരൊറ്റ സൈനിങ്ങ് പോലും ഉണ്ടായിട്ടില്ല എന്നുള്ളതാണ് വാസ്തവം.
മഞ്ഞപ്പട ഉൾപ്പെടെയുള്ള ആരാധകർ ബ്ലാസ്റ്റേഴ്സിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ആരാധകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ബാധ്യസ്ഥരാണ് എന്ന് അവർ ഓർമ്മിപ്പിച്ചിരുന്നു.ഒടുവിൽ ഡയറക്ടർ നിഖിൽ വലിയ ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലും ആരാധകർ വിമർശനങ്ങൾ ഉയർത്തിക്കൊണ്ട് പ്രതികരിക്കുന്നുണ്ട്.അതിൽ ഒരു ആരാധകന്റെ അഭിപ്രായം ഇങ്ങനെയാണ് വരുന്നത്.
‘ വരുന്ന സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന് ഒരു ശരാശരി സ്‌ക്വാഡ് മാത്രമേ ഉള്ളൂ എന്നുള്ളത് ഒരു വസ്തുതയാണ്. അത് നിങ്ങൾ മനപ്പൂർവ്വം അവഗണിക്കുകയാണ് ചെയ്യുന്നത്.നമുക്ക് ഒരുപാട് പ്ലാനിങ്ങുകൾ ഉണ്ടായിട്ടും ട്രാൻസ്ഫർ വിൻഡോയിൽ നമ്മൾ ഒരു പരാജയമായിരുന്നു എന്നത് മറ്റൊരു വസ്തുതയാണ്.എന്തെങ്കിലുമൊക്കെ ക്ലബ്ബ് നേടുന്നതാണ് നല്ലത്. അല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകും. കഴിഞ്ഞ മൂന്നു വർഷത്തോളമായി നിങ്ങൾ പറയുന്നത് നമ്മൾ ഒരു പ്രോസസ്സിലാണ് എന്നതാണ് ‘ഇതാണ് ഒരു ആരാധകൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന് ഒരു പുരോഗതിയും ഉണ്ടാവാത്തതിൽ ആരാധകർ നിരാശരാണ്.ഡ്യൂറൻഡ് കപ്പിൽ മോശം പ്രകടനമാണ് ക്ലബ്ബ് നടത്തിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കിരീടം നേടിയതോടെ ഏറ്റവും കൂടുതൽ പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്.ഇതോടെയാണ് ആരാധകരുടെ വിമർശനങ്ങൾ ഇരട്ടിച്ചത്.