ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി കൂടുതൽ പണം ചിലവഴിക്കുന്നത് ക്ലബ്ബിന് നല്ലതല്ല: വിമർശനങ്ങളോട് പ്രതികരിച്ച് സ്കിൻകിസ്!

കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസിന് ഈ ട്രാൻസ്ഫർ ജാലകത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ആരാധകർ ആഗ്രഹിച്ചതുപോലെയുള്ള സൈനിങ്ങുകൾ ഒന്നും തന്നെ നടന്നിട്ടില്ല എന്നതാണ് വാസ്തവം. പ്രത്യേകിച്ച് ഡൊമസ്റ്റിക് സൈനിങ്ങുകൾ കാര്യമായി നടന്നിട്ടില്ല. ഇക്കാര്യത്തിൽ വലിയ വിമർശനങ്ങൾ സ്പോർട്ടിംഗ് ഡയറക്ടർക്ക് ലഭിച്ചിരുന്നു.

സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്സ് മികച്ച ഇന്ത്യൻ താരങ്ങളെ വിറ്റഴിച്ചിരുന്നു.സഹലും ജീക്സണും അതിൽ പെട്ടവരാണ്.എന്നാൽ മികച്ച ഇന്ത്യൻ താരങ്ങളെ സൈൻ ചെയ്യുന്നതിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്യുന്നത്. പലപ്പോഴും അക്കാദമി താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് താങ്ങി നിർത്താറുള്ളത്.ഡൊമസ്റ്റിക് താരങ്ങളെ വിറ്റഴിച്ചതിലും മികച്ച താരങ്ങളെ കൊണ്ടുവരാത്തതിലും സ്കിൻകിസിന് കേൾക്കേണ്ടി വന്നിട്ടുള്ള വിമർശനങ്ങൾ ഏറെറെയാണ്. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സ്‌ക്വാഡ് ദുർബലമാണ് എന്ന് പറയാതിരിക്കാൻ വയ്യ.

എന്നാൽ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഇതിനുള്ള വിശദീകരണം സ്പോർട്ടിംഗ് ഡയറക്ടർ നൽകുന്നുണ്ട്. ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി അമിതമായി പണം ചിലവഴിക്കുന്നത് ക്ലബ്ബിന്റെ ആരോഗ്യത്തിന് നല്ലതല്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. മികച്ച ഇന്ത്യൻ താരങ്ങൾ ഇപ്പോൾ തന്നെ ക്ലബ്ബിനോടൊപ്പം ഉണ്ടെന്നും സ്ക്കിൻകിസ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.

‘ഈ ട്രാൻസ്ഫർ ജാലകത്തിൽ ഇന്ത്യൻ താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതിൽ ഞങ്ങൾ അത്ര സജീവമായിരുന്നില്ല. കാരണം ഞങ്ങൾക്ക് ക്വാളിറ്റിയുള്ള താരങ്ങൾ ഉണ്ട്. ഒരുപാട് കഴിവുള്ള താരങ്ങൾ ഇപ്പോൾ തന്നെ ഞങ്ങളോടൊപ്പം ഉണ്ട്.ഇന്ത്യൻ പ്ലെയർ മാർക്കറ്റിന്റെ പ്രവർത്തനം വിവരിക്കുക എന്നുള്ളത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. മറ്റുള്ള ടീമുകളിൽ നിന്നും ഇന്ത്യൻ താരങ്ങളെ ലഭിക്കുന്നതിന് പലപ്പോഴും അമിതമായി പണം ചെലവഴിക്കേണ്ടി വരുന്നു. അതൊരിക്കലും ക്ലബ്ബിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഞങ്ങൾ എപ്പോഴും താരങ്ങളെ വീക്ഷിക്കാറുണ്ട്.ടീമിന്റെ കരുത്ത് വർദ്ധിപ്പിക്കും എന്ന് ഉറപ്പുള്ള താരങ്ങളെ മാത്രമാണ് കൊണ്ടുവരാറുള്ളത് ‘ ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

ഏതായാലും വരുന്ന മത്സരങ്ങളിൽ കൂടുതൽ മികവ് കേരള ബ്ലാസ്റ്റേഴ്സിനും ഡൊമസ്റ്റിക് താരങ്ങൾക്കും കാണിക്കേണ്ടതുണ്ട്.അല്ലെങ്കിൽ കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല.അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Karolis SkinkysKerala Blasters
Comments (0)
Add Comment