കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻപിലുള്ള ഏറ്റവും പ്രധാനപ്പെട്ട മത്സരം ഇപ്പോൾ ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരം തന്നെയാണ്. എതിരാളികൾ ചിരവൈരികളായ ബംഗളൂരു എഫ്സിയാണ്. വരുന്ന ഓഗസ്റ്റ് 23 ആം തീയതി രാത്രി 7 മണിക്കാണ് മത്സരം നടക്കുക. കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക.
ഡ്യൂറൻഡ് കപ്പിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. പഞ്ചാബിനെതിരെ സമനില വഴങ്ങിയത് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണെങ്കിലും ബാക്കി രണ്ടു മത്സരങ്ങളിലും ഗംഭീര വിജയം ക്ലബ്ബ് നേടിയിട്ടുണ്ട്. പക്ഷേ അത് ദുർബലരായ എതിരാളികളോടായിരുന്നു. ബംഗളൂരു എഫ്സിയെ മറികടക്കണമെങ്കിൽ ബ്ലാസ്റ്റേഴ്സ് നന്നായി അധ്വാനിക്കേണ്ടി വരും എന്ന് ഉറപ്പാണ്. കാരണം അവരും മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
മാത്രമല്ല ഡ്യൂറൻഡ് കപ്പിൽ കാര്യങ്ങൾ ഒരല്പം സങ്കീർണ്ണമാണ്. എന്തെന്നാൽ മത്സരത്തിൽ എക്സ്ട്രാ ടൈം ഉണ്ടാവില്ല. മത്സരത്തിന്റെ നിശ്ചിത സമയത്ത് അഥവാ 90 മിനിറ്റിനുള്ളിൽ ഏതെങ്കിലും ഒരു ടീം വിജയിച്ചില്ലെങ്കിൽ പിന്നീട് പെനാൽറ്റി ഷൂട്ടൗട്ട് ആണ്. 30 മിനിറ്റ് അധികസമയം മത്സരങ്ങളിൽ ഉണ്ടാവില്ല.90 മിനിറ്റിനു ശേഷം നേരെ പെനാൽറ്റി ഷൂട്ടൗട്ടിലേക്കാണ് പ്രവേശിക്കുക.
അതായത് മത്സരം വിജയിക്കാൻ ആഗ്രഹിക്കുന്നവർ 90 മിനിറ്റിനുള്ളിൽ തീരുമാനമാക്കണം. അല്ലെങ്കിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പണി കിട്ടും. ബംഗളൂരു എഫ്സിക്കെതിരെ മികച്ച പ്രകടനം നടത്തി നിശ്ചിത സമയത്തിനുള്ളിൽ വിജയിക്കുക എന്നുള്ളതാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.പെനാൽറ്റി ഷൂട്ടൗട്ട് എന്നുള്ളത് പലപ്പോഴും ഭാഗ്യ നിർഭാഗ്യങ്ങളുടെ കളിയാണ്. അതുകൊണ്ടുതന്നെ പെനാൽറ്റി ഷൂട്ടൗട്ടിൽ എന്തുവേണമെങ്കിലും സംഭവിക്കാം.
കപ്പിൽ രണ്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇപ്പോൾ നടന്നു കഴിഞ്ഞു. നോർത്ത് ഈസ്റ്റ് യുണൈറ്റഡും ആർമി റെഡും തമ്മിലുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് വിജയിക്കുകയും സെമി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.അതേസമയം ഒന്നിനെതിരെ 2 ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചുകൊണ്ട് ഐ ലീഗ് ക്ലബ്ബായ ഷില്ലോങ് ലജോങ് സെമി ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.ഈ രണ്ട് ടീമുകളും തമ്മിലാണ് സെമി കളിക്കുക. അതേസമയം മോഹൻ ബഗാനും പഞ്ചാബും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിലെ വിജയികളായിരിക്കും സെമിയിൽ ബ്ലാസ്റ്റേഴ്സ്- ബംഗളൂരു മത്സരത്തിലെ വിജയികൾ നേരിടേണ്ടി വരിക.