ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്നത് സംഭവബഹുലമായ മത്സരം.കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. ഈസ്റ്റ് ബംഗാൾ എഫ്സി കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തോൽവി സമ്മാനിക്കുകയായിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.മത്സരത്തിന്റെ ഭൂരിഭാഗം സമയവും 2 താരങ്ങളെ നഷ്ടപ്പെട്ടു കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്.
ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങൾക്ക് റെഡ് കാർഡ് കണ്ട് പുറത്തു പോകേണ്ടി വന്നത് അക്ഷരാർത്ഥത്തിൽ തിരിച്ചടിയാവുകയായിരുന്നു.ദിമി,ചെർനിച്ച് എന്നിവരെ മുൻനിർത്തിയാണ് ഇവാൻ വുക്മനോവിച്ച് സ്റ്റാർട്ടിങ് ഇലവൻ ഇറക്കിയത്. കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് മത്സരത്തിൽ ലീഡ് നേടിയത്. ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്തുകൊണ്ട് ചെർനിച്ച് ഗോൾ നേടുകയായിരുന്നു. മത്സരത്തിന്റെ 23ആം മിനിട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ഗോൾ നേടിയത്.
എന്നാൽ മത്സരത്തിന്റെ 45ആം മിനിറ്റിൽ ജീക്സൺ സിംഗ് റെഡ് കാർഡ് കണ്ട് പുറത്തുപോയി. രണ്ട് യെല്ലോ കാർഡുകൾ കണ്ടതിനെ തുടർന്നാണ് അദ്ദേഹത്തിന് കളം വിടേണ്ടി വന്നത്. ഇതോടെ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ തന്നെ 10 പേരായി ചുരുങ്ങി.ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടു മുൻപ് ഈസ്റ്റ് ബംഗാളിന് ഒരു പെനാൽറ്റി ലഭിച്ചു. ഗോൾകീപ്പർ കരൻജിത്ത് ഫൗൾ വഴങ്ങുകയായിരുന്നു. തുടർന്ന് ക്രെസ്പോ അത് ഗോളാക്കി മാറ്റിയതോടെ ആദ്യപകുതി പിരിഞ്ഞപ്പോൾ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതിയിൽ 71ആം മിനുട്ടിൽ ക്രെസ്പോ വീണ്ടും ഗോൾ നേടി.അമാനിന്റെ അസിസ്റ്റിൽ നിന്നാണ് ഗോൾ വന്നത്. 3 മിനിറ്റിനു ശേഷം ബ്ലാസ്റ്റേഴ്സ് താരം നവോച്ച സിംഗ് സ്ട്രൈറ്റ് റെഡ് കാർഡ് വഴങ്ങുകയായിരുന്നു.ഇതോടെ ബ്ലാസ്റ്റേഴ്സ് 9 പേരായി ചുരുങ്ങി. അതിന് പിന്നാലെ 82ആം മിനിറ്റിൽ സക്കായ് ഒരു സെൽഫ് ഗോൾ വഴങ്ങി. ഇതോടെ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിറകിലായി.
84 ആം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ താരം മഹെർ ഒരു സെൽഫ് ഗോൾ വഴങ്ങി.സ്കോർ 3-2. പക്ഷേ മൂന്ന് മിനിട്ടിനു ശേഷം ഈസ്റ്റ് ബംഗാൾ വീണ്ടും ഗോൾ നേടി. മഹേഷ് സിംഗ് ആണ് ഗോൾ കണ്ടെത്തിയത്.ഇതോടെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഈസ്റ്റ് ബംഗാൾ വിജയം ഉറപ്പിച്ചു.വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പ്രതിരോധത്തിന്റെ പിഴവിൽ നിന്നാണ് ഈ ഗോളുകൾ ഒക്കെ തന്നെയും വഴങ്ങേണ്ടി വന്നിട്ടുള്ളത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ഈ ഐഎസ്എല്ലിൽ 8 തോൽവികൾ വഴങ്ങി കഴിഞ്ഞു