കലിംഗ സൂപ്പർ കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ ഒഡീഷക്ക് അടിതെറ്റി.ഒഡീഷയെ തോൽപ്പിച്ചുകൊണ്ട് ഈസ്റ്റ് ബംഗാളാണ് ഇത്തവണത്തെ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ ഒഡീഷ്യയെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഇതോടുകൂടി 12 വർഷത്തേക്ക് കിരീടവരൾച്ചക്ക് വിരാമം കുറിക്കാൻ ഈസ്റ്റ് ബംഗാളിന് സാധിച്ചു കഴിഞ്ഞു.
നിശ്ചിത സമയവും അധിക സമയവും കടന്നാണ് മത്സരഫലം നിർണയിക്കപ്പെട്ടത്. മത്സരത്തിൽ ആദ്യം ലീഡ് എടുത്തത് ഒഡിഷയാണ്.ഡിയഗോ മൗറിഷിയോയിലൂടെ മത്സരത്തിന്റെ 39 ആം മിനിറ്റിൽ ഒഡീഷ മുന്നിലെത്തുകയായിരുന്നു. എന്നാൽ 52ആം മിനിറ്റിൽ നന്തകുമാർ ശേഖറിലൂടെ ഈസ്റ്റ് ബംഗാൾ സമനില പിടിച്ചു. 10 മിനിറ്റിനു ശേഷം ഈസ്റ്റ് ബംഗാൾ ലീഡ് കരസ്ഥമാക്കി. 62 മിനിറ്റിൽ ലഭിച്ച പെനാൽറ്റി സൗൾ ക്രിസ്പോ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.
61ആം മിനിറ്റിൽ യെല്ലോ കാർഡ് കണ്ടതിന് പിന്നാലെ 69ആം മിനിറ്റിലും യെല്ലോ കാർഡ് കണ്ടതോടുകൂടി മൗർതാദ ഫാളിന് കളിക്കളം വിടേണ്ടിവന്നു.മത്സരത്തിന്റെ ഏറ്റവും അവസാനത്തിലാണ് ഒഡീഷ സമനില പിടിച്ചത്. അവർക്ക് ലഭിച്ച പെനാൽറ്റി അഹമ്മദ് ജാഹൂ ലക്ഷ്യത്തിൽ എത്തിച്ചതോടെ മത്സരം 2-2 സമനിലയിലായി.ഇതോട് കൂടിയാണ് അധികസമയത്തേക്ക് കടന്നത്.
അധികസമയത്ത് ഈസ്റ്റ് ബംഗാളിന്റെ താരമായ സൗവിക്ക് ചക്രബർത്തി റെഡ് കാർഡ് കണ്ട് പുറത്തു പോയതോടെ ഇരുഭാഗത്തും 10 പേർ മാത്രമായി. എന്നാൽ മത്സരത്തിന്റെ 111ആം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ ഹീറോയായി കൊണ്ട് ക്ലൈറ്റൻ സിൽവ അവതരിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ ഗോൾ ഈസ്റ്റ് ബംഗാളിനെ വിജയവും അതു വഴി കിരീടവും സമ്മാനിച്ചു. ത്രില്ലർ പോരാട്ടത്തിനൊടുവിൽ ഈസ്റ്റ് ബംഗാൾ തന്നെ കിരീടം ചൂടുകയായിരുന്നു.
ഈ മത്സരത്തിൽ ഫാളിന് റെഡ് കാർഡ് ലഭിച്ചത് കേരള ബ്ലാസ്റ്റേഴ്സിന് ഗുണകരമായ ഒരു കാര്യമാണ്. എന്തെന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ റീസ്റ്റാർട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായി നേരിടുന്നത് ഒഡിഷയെയാണ്. ഫെബ്രുവരി രണ്ടാം തീയതി അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം. ഈ മത്സരത്തിൽ ഫാളിന് കളിക്കാൻ കഴിയില്ല.ഈ റെഡ് കാർഡ് ഇന്ത്യൻ സൂപ്പർ ലീഗിലും ബാധകമാണ്. അതായത് കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തിന് സസ്പെൻഷനായിരിക്കും. വളരെ പ്രധാനപ്പെട്ട ഒരു താരത്തെയാണ് ഒഡീഷക്ക് ബ്ലാസ്റ്റേഴ്സിനെതിരെ നഷ്ടമായിരിക്കുന്നത്.