കഴിഞ്ഞ കൊൽക്കത്ത ഡെർബി വളരെയധികം ആവേശഭരിതമായിരുന്നു.ഏകദേശം അറുപതിനായിരത്തോളം കാണികളാണ് ഈ മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിലുള്ള മത്സരം ഒരു ത്രില്ലർ പോരാട്ടം തന്നെയായിരുന്നു.ഒടുവിൽ രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു.
മത്സരത്തിന്റെ അവസാനം വരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിൽക്കാൻ ഈസ്റ്റ് ബംഗാളിന് സാധിച്ചിരുന്നു. എന്നാൽ 87ആം മിനുട്ടിൽ പെട്രറ്റൊസ് നേടിയ ഗോൾ മോഹൻ ബഗാന് സമനില നേടിക്കൊടുക്കുകയായിരുന്നു.വളരെയധികം കലുഷിതമായിരുന്നു ഈ മത്സരം.അതുകൊണ്ടുതന്നെ റഫറിക്ക് പിടിപ്പത് പണിയുണ്ടായിരുന്നു.
എന്നാൽ ഈസ്റ്റ് ബംഗാൾ പരിശീലകനായ കാർലെസ് ക്വാഡ്രറ്റ് റഫറിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. അതായത് മോഹൻ ബഗാനൊപ്പം റഫറി നിലകൊണ്ടു എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. മത്സരം ആവേശഭരിതമാക്കാൻ വേണ്ടി ദുർബലരായ ടീമിനൊപ്പം നിൽക്കുന്ന പ്രവണത റഫറിമാർ ഒഴിവാക്കേണ്ടതുണ്ടെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. അതായത് മത്സരത്തിൽ ദുർബലരായ മോഹൻ ബഗാനൊപ്പം റഫറി നിന്നു എന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ ആരോപണം.
ഐഎസ്എല്ലിലെ റഫറിമാർക്കെതിരെ വിമർശനങ്ങൾ ഉയരുന്നത് ഇത് ആദ്യത്തെ സംഭവം ഒന്നുമല്ല. എപ്പോഴും ഇതിനെതിരെ ശബ്ദിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച്.എന്നാൽ അത് ഫലം കാണാറില്ല എന്നുള്ളത് മാത്രമല്ല പകരം വിലക്കുകൾ ലഭിക്കുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ഈസ്റ്റ് ബംഗാൾ പരിശീലകന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അധികം വൈകാതെ തന്നെ AIFF ൽ നിന്നും ബാൻ വരുമെന്നാണ് ഈ മുന്നറിയിപ്പ്.
റഫറിമാരുടെ നിലവാര തകർച്ച വലിയ ഒരു പ്രതിസന്ധി തന്നെയാണ് ഐഎസ്എല്ലിൽ സൃഷ്ടിക്കുന്നത്. മുംബൈയുടെ വിദേശ താരങ്ങൾ ക്ലബ്ബ് വിടാൻ പോലും കാരണം ഈ നിലവാര തകർച്ചയാണെന്ന് ചിലർ ആരോപിച്ചിട്ടുണ്ട്. സൂപ്പർ കപ്പിലെ വിവാദങ്ങളെ തുടർന്ന് മുംബൈ താരങ്ങൾ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.മാത്രമല്ല രണ്ടു താരങ്ങൾ ക്ലബ്ബ് വിട്ട് പുറത്തു പോവുകയും ചെയ്തിരുന്നു.