അർജന്റീനയുടെ എക്കാലത്തെയും വലിയ ഇതിഹാസമായി ആരാധകർ പരിഗണിച്ചു പോന്നിരുന്നത് ഡിയഗോ മറഡോണയെയായിരുന്നു. അദ്ദേഹത്തിന് ശേഷം അർജന്റീന നാഷണൽ ടീമിനെ അദ്ദേഹത്തെപ്പോലെ നയിക്കാൻ വേണ്ടി ആര് മുന്നോട്ടുവരുമെന്നത് ആരാധകർ ഉറ്റു നോക്കിയിരുന്നു. അങ്ങനെ അടുത്ത മറഡോണയായി കൊണ്ടാണ് ലയണൽ മെസ്സി കടന്നുവന്നത്.അർജന്റീന ദേശീയ ടീമിലെ തുടക്കകാലം മെസ്സിക്ക് വളരെയധികം ക്ലേശകരമായിരുന്നു.
പക്ഷേ ഇന്നിപ്പോൾ അർജന്റീനക്ക് ഒരു സുവർണ കാലഘട്ടം തന്നെ സമ്മാനിക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചു. മറഡോണ മുകളിലാണ് ഇന്ന് ഫുട്ബോൾ ലോകം ലയണൽ മെസ്സിയെ പരിഗണിക്കുന്നത്. കരിയറിന്റെ അവസാന ഘട്ടത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന മെസ്സിക്ക് ശേഷം ആരായിരിക്കും ഇനി അർജന്റീനയെ അദ്ദേഹത്തെപ്പോലെ നയിക്കുക എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ താരതമ്യങ്ങൾക്ക് സ്ഥാനമില്ലെങ്കിലും ഒരു കിടിലൻ യുവതാരം അർജന്റീനയിൽ നിന്ന് തന്നെ വളർന്നുവരുന്നുണ്ട്.
ക്ലൗഡിയോ എച്ചവേരി, ഈ നാമം അർജന്റീന ആരാധകർ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചായി. അർജന്റീനയുടെ അണ്ടർ 17 ടീമിന് വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.17 മത്സരങ്ങൾ അർജന്റീനയുടെ അണ്ടർ 17 ടീമിന് വേണ്ടി കളിച്ച ഈ താരം 8 ഗോളുകൾ നേടിയിട്ടുണ്ട്. മുന്നേറ്റ നിര താരമായ ഇദ്ദേഹത്തിന്റെ ശൈലിക്ക് ലയണൽ മെസ്സിയുടെ ശൈലിയുമായി സാമ്യമുണ്ട്.
ഇന്നലെ അണ്ടർ 17 വേൾഡ് കപ്പിൽ അർജന്റീന ജപ്പാനെ തോൽപ്പിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ അർജന്റീനക്ക് അനുകൂലമായി ഒരു ഫ്രീകിക്ക് ലഭിച്ചു. ഒരു തകർപ്പൻ കിക്കിലൂടെ എച്ചവേരി ഫ്രീകിക്ക് ഗോളാക്കി മാറ്റുകയായിരുന്നു. ലയണൽ മെസ്സിയെ അനുസ്മരിപ്പിക്കും വിധമുള്ള ഒരു ഫ്രീകിക്ക് ഗോൾ തന്നെയാണ് എച്ചവേരി നേടിയിട്ടുള്ളത്.അർജന്റീന അണ്ടർ 17 ടീമിന്റെ പത്താം നമ്പർ ജേഴ്സി അണിയുന്നത് ഈ യുവ പ്രതിഭയാണ്.
ചുരുക്കത്തിൽ ഒരു മികച്ച താരമാണ് അർജന്റീനയുടെ അണിയറയിൽ ഒരുങ്ങുന്നത്. ലയണൽ മെസ്സിയാണ് തന്റെ ആരാധനാപാത്രമെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ മെസ്സിയുടെ അടുത്തുപോലും എത്താൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന യാഥാർത്ഥ്യ ബോധ്യവും ഇദ്ദേഹത്തിനുണ്ട്. പതിനേഴാം വയസ്സിൽ തന്നെ റിവർ പ്ലേറ്റിനു വേണ്ടി അരങ്ങേറ്റം നടത്തിയതിലൂടെ ലോക ഫുട്ബോളിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞിരുന്നു. അധികം വൈകാതെ തന്നെ യൂറോപ്പിലെ ഏതെങ്കിലും വമ്പൻ ക്ലബ്ബിൽ നമുക്ക് ഇദ്ദേഹത്തെ കാണാൻ സാധിക്കും.