ക്ലോഡിയോ എച്ചവേരിയാണ് ഇനി അർജന്റീന നാഷണൽ ടീമിന്റെ അടുത്ത പ്രതീക്ഷ. അവരുടെ അണ്ടർ 17 ടീമിന് വേണ്ടി മാസ്മരിക പ്രകടനമാണ് എച്ചവേരി നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിനെ അർജന്റീന പരാജയപ്പെടുത്തിയിരുന്നു. ആ മത്സരത്തിൽ 3 ഗോളുകളാണ് ഈ യുവ സൂപ്പർ താരം കരസ്ഥമാക്കിയിരുന്നത്.എന്നാൽ എച്ചവേരിയെ പറയുന്നവർക്ക് അതൊരു പുതുമയല്ല.
പതിനേഴാം വയസ്സിൽ തന്നെ റിവർ പ്ലേറ്റിനു വേണ്ടി അരങ്ങേറ്റം കുറിച്ചതിലൂടെ അർജന്റൈൻ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് എച്ചവേരി.ലിറ്റിൽ മെസ്സി എന്നാണ് അദ്ദേഹത്തെ വിളിക്കാറുള്ളത്.അർജന്റീനയുടെ പത്താം നമ്പർ ജേഴ്സി അണിയുന്ന ഇദ്ദേഹം തന്റെ സമപ്രായക്കാരേക്കാൾ ഏറെ മികവ് പുലർത്തുന്നു.നേരത്തെ തന്നെ ഈ താരത്തെ സ്വന്തമാക്കാൻ വേണ്ടി ഒരുപാട് ക്ലബ്ബുകൾ മുന്നോട്ടുവന്നിരുന്നു. വേൾഡ് കപ്പിൽ ഇപ്പോൾ നടത്തുന്ന പ്രകടനം അദ്ദേഹത്തിന്റെ പ്രശസ്തി വർധിപ്പിച്ചിട്ടുണ്ട്.
റിവർ പ്ലേറ്റിൽ നിന്നും ഹൂലിയൻ ആൽവരസിനെ സ്വന്തമാക്കിയവരാണ് മാഞ്ചസ്റ്റർ സിറ്റി. അവർക്ക് എച്ചവേരിയേയും സ്വന്തമാക്കാൻ താല്പര്യമുണ്ട്. എന്നാൽ യുവ താരങ്ങളെ ടീമിലേക്ക് എത്തിക്കുന്നതിൽ അതീവ വൈദഗ്ധ്യം പുലർത്തുന്ന റയൽ മാഡ്രിഡും ഈ താരത്തിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ വമ്പൻമാരായ പിഎസ്ജിക്കും എച്ചവേരിയെ വേണം.ഇങ്ങനെ ലോകഫുട്ബോളിലെ ഭീമന്മാർക്കൊക്കെ ഈ താരത്തെ ആവശ്യമുണ്ട്.
പക്ഷേ ഏത് ക്ലബ്ബിലേക്കാണ് താൻ പോകാൻ ആഗ്രഹിക്കുന്നതെന്ന് നേരത്തെ തന്നെ എച്ചവേരി വ്യക്തമാക്കിയിരുന്നു. ബാഴ്സലോണയാണ് അദ്ദേഹത്തിന്റെ സ്വപ്ന ക്ലബ്ബ്. ലയണൽ മെസ്സിയുടെ കടുത്ത ആരാധകനായ ഇദ്ദേഹം ബാഴ്സയുടെ എല്ലാ മത്സരങ്ങളും വീക്ഷിക്കാറുണ്ട്. മെസ്സിയുടെ വഴിയെ ബാഴ്സക്ക് വേണ്ടി കളിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നായിരുന്നു ഇതേക്കുറിച്ച് എച്ചവേരി മുൻപ് പറഞ്ഞിരുന്നത്.അതുകൊണ്ടുതന്നെ ബാഴ്സലോണക്ക് ഇവിടെ വലിയ സാധ്യതയുണ്ട്. പക്ഷേ മറ്റുള്ള ക്ലബ്ബുകളെയും അദ്ദേഹം പരിഗണിച്ചേക്കും.
18 വയസ്സ് പൂർത്തിയായി കഴിഞ്ഞാൽ നമുക്ക് അദ്ദേഹത്തെ യൂറോപ്പിലെ ഏതെങ്കിലും പ്രമുഖ ക്ലബ്ബിൽ കാണാൻ കഴിയും. അർജന്റീനയുടെ അണ്ടർ 17 ടീമിനുവേണ്ടി കളിച്ച മത്സരങ്ങളിൽ എല്ലാം തന്നെ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.അദ്ദേഹത്തിന് തന്റെ പ്രതിഭയോട് നീതിപുലർത്തി ലയണൽ മെസ്സിയുടെ പിൻഗാമിയാവാൻ കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.