ബ്ലാസ്റ്റേഴ്സിന്റെ വിജയം,ഈ 3 പേരെ എടുത്ത് പ്രശംസിക്കണം!
കേരള ബ്ലാസ്റ്റേഴ്സ് വളരെ പ്രധാനപ്പെട്ട ഒരു വിജയമാണ് ഇന്നലെ സ്വന്തമാക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്. 9 പേരായി ചുരുങ്ങിയിട്ടും കേരള ബ്ലാസ്റ്റേഴ്സ് പിടിച്ചുനിൽക്കുകയായിരുന്നു. പഞ്ചാബിന്റെ മൈതാനത്ത് വിജയം നേടാൻ സാധിച്ചു എന്നതും ക്ലീൻ ഷീറ്റ് നേടാൻ സാധിച്ചു എന്നതും തീർച്ചയായും ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
ഒട്ടേറെ വെല്ലുവിളികൾ ഈ മത്സരത്തിൽ നേരിടേണ്ടി വന്നിരുന്നു. അതിനെയെല്ലാം ടീം എന്ന നിലയിൽ മറികടക്കാൻ ക്ലബ്ബിന് കഴിഞ്ഞു. എടുത്തു പറയേണ്ട പ്രകടനം പെപ്രയുടേതാണ്. മത്സരത്തിൽ മുഴുവൻ സമയവും അദ്ദേഹം അധ്വാനിച്ച് കളിച്ചിട്ടുണ്ട്. പ്രത്യേകിച്ച് 9 പേരായി ചുരുങ്ങിയപ്പോൾ ടീമിന്റെ ഡിഫൻസിൽ പാറ പോലെ ഉറച്ചുനിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു സെന്റർ ബാക്ക് എന്ന നിലയിലാണ് പിന്നീട് അദ്ദേഹം കളിച്ചത്.ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങാത്തതിൽ പെപ്രയുടെ പങ്ക് വളരെയധികം വലുതാണ്. മത്സരത്തിൽ ഉടനീളം അദ്ദേഹം പുറത്തെടുത്ത എനർജിയും എടുത്തു പറയേണ്ടതാണ്.
മറ്റൊരു താരം ഗോൾകീപ്പറായ സച്ചിൻ സുരേഷാണ്. മത്സരത്തിൽ മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം നടത്തിയത്. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ അദ്ദേഹം കൂടുതൽ ശ്രദ്ധയോടുകൂടി നിലകൊണ്ടു. ഇത്തവണ പിഴവുകൾ ഒന്നും വരുത്തി വെച്ചിരുന്നില്ല. മാത്രമല്ല പല സന്ദർഭങ്ങളിലും അദ്ദേഹം ബ്ലാസ്റ്റേഴ്സിനെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സച്ചിനെ സംബന്ധിച്ചിടത്തോളം ഇന്നലത്തെ മത്സരം മികച്ചത് ആയിരുന്നു.
മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് ഫ്രഡിയാണ്.താരത്തിന്റെ പ്രകടനവും എടുത്തു പ്രശംസിക്കണം. പ്രത്യേകിച്ച് ഡിഫൻസീവ് വർക്കുകൾ അദ്ദേഹം നന്നായി ചെയ്തിട്ടുണ്ട്. ഇങ്ങനെ ഈ മൂന്നുപേർ മികച്ച പ്രകടനം നടത്തി. ബാക്കിയുള്ളവരും ടീമിന്റെ വിജയത്തിൽ കോൺട്രിബ്യൂട്ട് ചെയ്തവരാണ്.ലൂണ,കോയെഫ്,നവോച്ച എന്നിവരൊക്കെ മികച്ച രൂപത്തിൽ കളിച്ചിട്ടുണ്ട്. ഏതായാലും ഈ വിജയം ഏറെ ആത്മവിശ്വാസം പകരുന്ന ഒന്നാണ്. അടുത്ത മത്സരത്തിൽ ഒഡീഷ എഫ്സി യാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.