കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പതിനൊന്നാം സീസണിന്റെ ആദ്യ മത്സരത്തിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.കൊച്ചിയിലെ സ്വന്തം ആരാധകർക്ക് മുൻപിൽ തിരുവോണനാളിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെട്ടിട്ടുള്ളത്. പഞ്ചാബിന് വേണ്ടി അവരുടെ സൂപ്പർ താരം ലൂക്ക മേയ്സണാണ് തിളങ്ങിയിട്ടുള്ളത്. പകരക്കാരനായി ഇറങ്ങിയ ലൂക്കാ ഒരു ഗോളും ഒരു അസിസ്റ്റുമാണ് സ്വന്തമാക്കിയിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം അത്ര മികച്ചത് ഒന്നുമായിരുന്നില്ല. പ്രത്യേകിച്ച് ആദ്യ പകുതിയിൽ വളരെ മോശം പ്രകടനം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.തോൽവി നിരാശയുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. പക്ഷേ നാല് പോസിറ്റീവുകൾ ഈ മത്സരത്തിലുണ്ട്.അത് പലരും വിശകലനം ചെയ്യുന്നുമുണ്ട്.അത് നമുക്കൊന്ന് പരിശോധിക്കാം.
ഒരു പോസിറ്റീവ് നോവ സദോയി തന്നെയാണ്. അദ്ദേഹം ഇന്നലത്തെ മത്സരത്തിൽ അധ്വാനിച്ച് കളിച്ചിട്ടുണ്ട്. മുന്നേറ്റത്തിൽ കുറച്ചൊക്കെ ചലനങ്ങൾ ഉണ്ടാക്കിയത് അദ്ദേഹം മാത്രമാണ്.അഡ്രിയാൻ ലൂണ കൂടി വരുന്നതോടെ നോവക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിലേക്ക് മാറാൻ സാധിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
മറ്റൊരാൾ ഫ്രഞ്ച് താരമായ അലക്സാൻഡ്രെ കോയെഫാണ്. പല പൊസിഷനുകളിലും ഉപയോഗപ്പെടുത്താൻ ഈ താരത്തെ സാധിക്കും എന്നുള്ളത് നേരത്തെ നമ്മൾ പറഞ്ഞ കാര്യമാണ്. ഇന്നലെ ഡിഫൻസീവ് മിഡ്ഫീൽഡർ പൊസിഷനിലാണ് അദ്ദേഹത്തെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.ഒരു മികച്ച ഇന്ത്യൻ ഡിഫൻസീവ് മിഡ്ഫീൽഡർ ഇല്ലാത്തതുകൊണ്ടാണ് കോയെഫിന് ഈ റോൾ ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്.ഏറെക്കുറെ അത് അദ്ദേഹം ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്.
ഡിഫൻസിനെയും അറ്റാക്കിങ്ങിനെയും ഒരു പരിധിവരെ സഹായിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ പ്രകടനവും ഒരു പോസിറ്റീവ് തന്നെയാണ്. മത്സരത്തിലെ ഏറ്റവും വലിയ പോസിറ്റീവ് മലയാളി താരമായ വിബിൻ മോഹനനാണ്.ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ കളി മോശമാവാൻ കാരണം വിബിൻ മധ്യനിരയിൽ ഇല്ലായിരുന്നു എന്നുള്ളത് തന്നെയാണ്.അദ്ദേഹം രണ്ടാം പകുതിയിൽ വന്നതോടുകൂടി കളി മാറി.കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ പന്തടക്കം കാണിച്ചത് വിബിൻ വന്നതോടുകൂടിയാണ്. ഇന്നലത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയത് വിബിൻ തന്നെയാണ് എന്നത് നമുക്ക് നിസംശയം പറയാൻ സാധിക്കും.അദ്ദേഹം തന്നെയാണ് ഏറ്റവും വലിയ പോസിറ്റീവ്.
നാലാമത്തെ പോസിറ്റീവ് ജീസസ് ജിമിനസാണ്.ഒരു സെന്റർ സ്ട്രൈക്കറുടെ ജോലി ഗോളടിക്കുക എന്നുള്ളതാണ്.രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന അദ്ദേഹം ഒരു കിടിലൻ ഗോൾ തന്നെയാണ് നേടിയിട്ടുള്ളത്.കോട്ടാലിന്റെ ക്രോസിനെ പ്രത്യേകം പ്രശംസിക്കേണ്ടതുണ്ട്. അത് കൃത്യമായി കണക്ട് ചെയ്യാൻ കഴിഞ്ഞു എന്നുള്ളത് ജീസസിന്റെ മികവാണ്. കൂടുതൽ അവസരങ്ങൾ മറ്റുള്ള താരങ്ങൾ ഒരുക്കി നൽകിയാൽ ജീസസ് ഗോളുകൾ നേടും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നും വേണ്ട. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടിയ ജീസസും ഒരു പോസിറ്റീവും തന്നെയാണ്.
ഇതൊക്കെ ഉണ്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കേണ്ടതുണ്ട്.ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. ഇന്നലത്തെ സ്റ്റാർട്ടിങ് ഇലവൻ തന്നെ ഒരല്പം മോശമായിരുന്നു എന്ന് പറയേണ്ടിവരും.ഐമനെയും രാഹുലിനെയും ഒരുമിച്ച് കളിപ്പിക്കുന്നത് ടീമിന് ഗുണം ചെയ്യുന്ന കാര്യമല്ല. ഏതായാലും തെറ്റുകൾ തിരുത്തി സ്റ്റാറേ ടീമിനെ പൂർവാധികം ശക്തിയോടുകൂടി തിരികെ കൊണ്ടുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.