ഉറക്കം ബുദ്ധിമുട്ടാവും, ഇതിനെ ഞാൻ കൈകാര്യം ചെയ്യും: സ്റ്റാറേ
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പഞ്ചാബ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിട്ടുള്ളത്. മത്സരത്തിൽ പഞ്ചാബിന് വേണ്ടി തിളങ്ങിയത് അവരുടെ സൂപ്പർതാരമായ ലൂക്ക മേയ്സണാണ്.ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു അദ്ദേഹം നേടിയിരുന്നത്.ജീസസ് ജിമിനസായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ നേടിയിരുന്നത്.
തന്റെ ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ തന്നെ പരിശീലകനായ മികയേൽ സ്റ്റാറേക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.മാത്രമല്ല മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനവും മോശമായിരുന്നു.പ്രതീക്ഷിച്ച രൂപത്തിലുള്ള പുരോഗതികൾ ഒന്നും തന്നെ കൈവരിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നുള്ളത് വാസ്തവമാണ്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം ഒരു വലിയ വിടവായി മുഴച്ച് നിന്നിരുന്നു.
ഏതായാലും ഈ തോൽവിയിൽ പരിശീലകൻ നിരാശനാണ്.ഈ കഠിനമായ തോൽവി താൻ അംഗീകരിക്കുന്നു എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. ഇതിനെ തനിക്ക് കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും സ്റ്റാറേ പറഞ്ഞിട്ടുണ്ട്.മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വീഡിഷ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ഈ കഠിനമായ തോൽവി ഞാൻ നിർബന്ധമായും അംഗീകരിക്കേണ്ടതുണ്ട്.ഇതിനെ കൈകാര്യം ചെയ്യേണ്ടത് ഞാൻ തന്നെയാണ്.ഈ രാത്രി ഉറങ്ങുക എന്നുള്ളത് മിക്കവാറും ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. പക്ഷേ നാളെ മുതൽ കാര്യങ്ങൾ പുതിയതായിരിക്കും,ഞാൻ ശുഭാപ്തി വിശ്വാസത്തിലാണ്. ഈ തോൽവിയിൽ നിന്നും ഞങ്ങൾ പാഠം ഉൾക്കൊള്ളേണ്ടതുണ്ട് ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആ മത്സരത്തിനു വേണ്ടി തയ്യാറെടുക്കാൻ ഒരാഴ്ചയോളം സമയം ക്ലബ്ബിന് മുന്നിലുണ്ട്.ലൂണയുടെ വരവോടുകൂടി കൂടുതൽ ഊർജ്ജം കൈവരിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ ഇത്തവണ കിരീട പ്രതീക്ഷകൾ ഒന്നും വെക്കുന്നതിൽ അർത്ഥമില്ല എന്ന് ഇന്നലത്തെ മത്സരത്തോടുകൂടി വ്യക്തമായിട്ടുണ്ട്.