ക്ലബ്ബിലെ മികച്ച താരം,ആ അവാർഡും നോഹ തൂക്കി!
4 മത്സരങ്ങളാണ് ഇതുവരെ ഈ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്. ഒരു വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. രണ്ട് സമനിലയും ഒരു തോൽവിയും വഴങ്ങേണ്ടിവന്നു. പോയിന്റ് പട്ടികയിൽ നിലവിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. ചില പോരായ്മകൾ പരിഹരിച്ചാൽ ക്ലബ്ബിന് ഏറെ മുന്നോട്ടുപോവാനാകും എന്നുള്ളത് വ്യക്തമാണ്.
ഇതുവരെ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരം ആരാണ് എന്ന് ചോദിച്ചാൽ അതിൽ ആർക്കും സംശയങ്ങൾ ഒന്നും കാണില്ല. ഉത്തരം നോഹ സദോയി എന്ന് തന്നെ ആയിരിക്കും.നാല് മത്സരങ്ങളിലും ഗംഭീര പ്രകടനം അദ്ദേഹം പുറത്തെടുത്തിരുന്നു. മൂന്ന് മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയിരുന്നു.3 മത്സരങ്ങളിൽ ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മൂന്ന് ഗോളുകളും ഒരു അസിസ്റ്റമാണ് ഈ ഐഎസ്എല്ലിൽ അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.
നേരത്തെ ഡ്യൂറന്റ് കപ്പിൽ 6 ഗോളുകൾ നേടിക്കൊണ്ട് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരമാണ് നോഹ. നിലവിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരത്തിന് അർഹിച്ച ഒരു അവാർഡ് കൂടി ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ സെപ്റ്റംബർ മാസത്തിലെ ഏറ്റവും മികച്ച ബ്ലാസ്റ്റേഴ്സ് താരത്തിനുള്ള പുരസ്കാരമാണ് നോഹക്ക് ലഭിച്ചിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുള്ളത്.
ആരാധകരുടെ അഭിപ്രായം കൂടി പരിഗണിച്ചുകൊണ്ടാണ് അവർ മികച്ച താരത്തെ തിരഞ്ഞെടുക്കാറുള്ളത്. അർഹിച്ച പുരസ്കാരമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. വരുന്ന മത്സരങ്ങളിലും ഇതേ ഒരു മികവ് തന്നെയാണ് നോഹയിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.