കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സിന് പ്രതിരോധനിരയിലെ ക്രൊയേഷ്യൻ സാന്നിധ്യമായ മാർക്കോ ലെസ്ക്കോവിച്ചിനെ നഷ്ടമായത്.അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു. തുടർന്ന് സെന്റർ ബാക്ക് പൊസിഷനിലേക്ക് ഒരു വിദേശ താരത്തെ ബ്ലാസ്റ്റേഴ്സിന് ആവശ്യമായി വന്നു. ഫ്രഞ്ച് പ്രതിരോധനിര താരമായ അലക്സാൻഡ്രെ കോയെഫിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ലാലിഗയിലും ഫ്രഞ്ച് ലീഗിലും കളിച്ച പരിചയവുമായാണ് അദ്ദേഹം കടന്നുവരുന്നത്.
താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഏത് പൊസിഷനിലും അദ്ദേഹത്തെ ഉപയോഗപ്പെടുത്താൻ കഴിയും എന്നുള്ളതാണ്. സെന്റർ പൊസിഷനിലേക്ക് ആണ് താരത്തെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. എന്നാൽ ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിൽ ആണ് അദ്ദേഹത്തെ ക്ലബ്ബ് കളിപ്പിക്കുന്നത്.ജീക്സൺ സിംഗ് ക്ലബ്ബിനോട് വിട പറഞ്ഞതു കൊണ്ട് തന്നെ മികച്ച ഒരു ഇന്ത്യൻ ഡിഫൻസീവ് മിഡ്‌ഫീൽഡർ ഇല്ല. അതുകൊണ്ടാണ് പരിശീലകൻ കോയേഫിനെ ഡിഎമ്മായി ഉപയോഗിക്കുന്നത്. വേണമെങ്കിൽ വിങ് ബാക്കായി കൊണ്ടും ഇദ്ദേഹത്തെ ഉപയോഗപ്പെടുത്താം.
ഇങ്ങനെ ഏത് പൊസിഷനിലും കളിപ്പിക്കാൻ കഴിയും എന്നുള്ളത് തന്നെയാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.ഇതേക്കുറിച്ച് താരം തന്നെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾകീപ്പറാവാൻ വരെ റെഡിയാണ് എന്നാണ് തമാശക്ക് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മലയാളത്തിലെ ഒരു മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോയെഫിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ഞാൻ മിഡ്‌ഫീൽഡിൽ കളിച്ച് പരിചയമുള്ള താരമാണ്.ഞാൻ അത് ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.എവിടെ വേണമെങ്കിലും കളിക്കാൻ എനിക്ക് സാധിക്കും.കളിക്കളത്തിൽ തുടരുക എന്നുള്ളതാണ് ഞാൻ പ്രാധാന്യം നൽകുന്നത്. ക്ലബ്ബിന് വേണമെങ്കിൽ ഗോൾകീപ്പർ ആവാൻ വരെ ഞാൻ തയ്യാറാണ്. അതൊക്കെ എനിക്ക് സന്തോഷം നൽകുന്ന കാര്യമാണ് ‘ഇതാണ് പുതിയ താരം പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം ഇദ്ദേഹം നടത്തിയിട്ടുണ്ട്.പ്രത്യേകിച്ച് ഡിഫൻസീവ് വർക്കുകൾ ഏറെ മികച്ചതാണ്. നല്ല ഇന്റർ സെപ്ഷനുകൾ അദ്ദേഹം നടത്തുന്നുണ്ട്.താരത്തിന്റെ പാസിംഗ് മാത്രമാണ് ഒന്ന് മെച്ചപ്പെടാൻ ഉള്ളത്.അത് അധികം വൈകാതെ ശരിയാവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.