കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ അത്ര മികച്ച തുടക്കമൊന്നും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. കളിച്ച 6 മത്സരങ്ങളിൽ കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.എന്നാൽ ആരാധകർക്ക് ആശ്വസിക്കാവുന്ന ഒരു ഘടകം ഇവിടെയുണ്ട്.ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മികച്ചതാണ്. ചില പോരായ്മകൾ പരിഹരിക്കപ്പെട്ടാൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ മെച്ചപ്പെട്ട റിസൾട്ടുകൾ ഉണ്ടാക്കിയെടുക്കും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്സിയോട് ഒരു തോൽവി ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആ മത്സരത്തിൽ ക്ലബ്ബിനെ പിന്തുണക്കാൻ വേണ്ടി വൻ ജനാവലി തന്നെ സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻസ് ബ്ലാസ്റ്റേഴ്സിനാണ് ഉള്ളത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. അതിന്റെ തെളിവ് തന്നെയാണ് കഴിഞ്ഞ മത്സരത്തിൽ സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയ ആരാധക കൂട്ടം.
ഈ ആരാധകരെ പുകഴ്ത്തിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് വൈസ് ക്യാപ്റ്റനായ മിലോസ് ഡ്രിൻസിച്ച് രംഗത്ത് വന്നിട്ടുണ്ട്. നല്ല സമയത്തും മോശം സമയത്തുമൊക്കെ ഈ ആരാധകർ കൂടെ നിൽക്കുന്നു എന്നാണ് ഡ്രിൻസിച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞതിലേക്ക് പോകാം.
‘കൊച്ചിയിലാണെങ്കിൽ ഷോപ്പിങ് മാളുകളിലേക്ക് പോലും ബ്ലാസ്റ്റേഴ്സ് ആരാധകർ എത്തുന്നത് കാണാം. എവിടെയായാലും അവർ ഉണ്ടാകും. ഫുട്ബോളിനോടുള്ള അവരുടെ പേഷൻ വിശ്വസിക്കാൻ കഴിയാത്തതാണ്. എല്ലാ മത്സരങ്ങളിലും സ്റ്റേഡിയം മുഴുവൻ നിറഞ്ഞിരിക്കും.നല്ല സമയങ്ങളിലും മോശം സമയങ്ങളിലും അവർ കൂടെ നിൽക്കുന്നു ‘ ഇതാണ് ഡ്രിൻസിച്ച് പറഞ്ഞിട്ടുള്ളത്.
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ടീമുകളിൽ ഒരു കിരീടം പോലുമില്ലാത്ത ടീം കേരള ബ്ലാസ്റ്റേഴ്സ് മാത്രമാണ്. എന്നിട്ടും ബ്ലാസ്റ്റേഴ്സിന് ആരാധകരുടെ കാര്യത്തിൽ ഒരു ഇടിവും സംഭവിച്ചിട്ടില്ല. പുതിയ പരിശീലകന് കീഴിൽ ഇത്തവണയെങ്കിലും കിരീടവരൾച്ചക്ക് അറുതി വരുത്താൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.