എല്ലാത്തിനും പിറകിൽ കളിച്ചത് മാനേജ്മെന്റ്,രോഷാഗ്നി ഉയരുന്നു!
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം നടത്തിയതിന്റെ ഫലമായി കൊണ്ട് വലിയ പ്രതിഷേധങ്ങളാണ് ക്ലബ്ബിനെതിരെ അരങ്ങേറുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകർ കൂട്ടായ്മയായ മഞ്ഞപ്പടയാണ് ഇതിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ മത്സരത്തിനു മുന്നോടിയായി സ്റ്റേഡിയത്തിന് പുറത്ത് ഒരു പ്രതിഷേധ റാലി സംഘടിപ്പിക്കാൻ മഞ്ഞപ്പട തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം ആ റാലി നടക്കാതെ പോവുകയായിരുന്നു.
സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് പോലീസ് ആ റാലി നടത്തുന്നത് വിലക്കുകയായിരുന്നു. വിലക്ക് ലംഘിച്ചുകൊണ്ട് റാലി നടത്തിയാൽ കസ്റ്റഡിയിൽ എടുക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തി. ഇതോടുകൂടി മഞ്ഞപ്പട ആ റാലി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇതിനെല്ലാം പിറകിൽ കളിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് തന്നെയാണ് എന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.
മലയാളത്തിലെ പ്രമുഖ മാധ്യമമായ മീഡിയ വൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ നിർദ്ദേശപ്രകാരമാണ് പോലീസ് റാലിക്ക് വിലക്ക് കൽപ്പിച്ചത്. താരങ്ങൾ സ്റ്റേഡിയത്തിലേക്ക് എത്തുമ്പോൾ ബുദ്ധിമുട്ടുണ്ടാകും എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പോലീസിനെ സമീപിച്ചത്. മാത്രമല്ല സ്റ്റേഡിയത്തിലേക്ക് ബാനറുകൾ പ്രവേശിപ്പിക്കുന്നത് പോലീസ് തടഞ്ഞിരുന്നു. എന്തിനേറെ പറയുന്നു, ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റെനെതിരെ ചാന്റുകൾ മുഴക്കുന്നത് തടയാൻ പോലും പോലീസ് ഈസ്റ്റ് ഗാലറിയിൽ ശ്രമിച്ചിരുന്നു.
മീഡിയ വണ്ണിന്റെ ഈ റിപ്പോർട്ട് പുറത്തുവന്നതോടുകൂടി ആരാധകരുടെ രോഷം ഉയരുകയാണ്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ വലിയ വിമർശനങ്ങളാണ് ആരാധകർ ഉയർത്തുന്നത്. മാനേജ്മെന്റ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നാണ് പലരും ആരോപിച്ചിട്ടുള്ളത്. ആരാധകരോട് ഇത്രയും മോശം സമീപനം നടത്തുന്ന മാനേജ്മെന്റിനെ ഒരു കാരണവശാലും പിന്തുണക്കരുതെന്നും മത്സരങ്ങൾ പൂർണ്ണമായും ബഹിഷ്കരിക്കണമെന്നും ഒരു കൂട്ടം ആരാധകർ ഇപ്പോൾ അഭിപ്രായപ്പെടുന്നുണ്ട്. ഏതായാലും ഈ പ്രവർത്തി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പ്രതിച്ഛായക്ക് വലിയ കോട്ടം ഏൽപ്പിച്ചിട്ടുണ്ട്.