2013ലായിരുന്നു ബ്രസീലിയൻ താരമായ നെയ്മർ ജൂനിയറെ എഫ്സി ബാഴ്സലോണ സ്വന്തമാക്കിയത്. ബ്രസീലിയൻ ക്ലബ്ബായ സാന്റോസിൽ നിന്നായിരുന്നു അദ്ദേഹത്തെ ബാഴ്സ സ്വന്തമാക്കിയത്. താരത്തിൽ റയലിന് താല്പര്യമുണ്ടായിരുന്നു. അവർ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഫലം കാണാതെ പോവുകയായിരുന്നു.
നെയ്മർ അസാധാരണ പ്രകടനമാണ് ബാഴ്സലോണയിൽ നടത്തിയത്. പിന്നീട് ബാഴ്സ ലോക റെക്കോർഡ് തുകക്ക് അദ്ദേഹത്തെ കൈമാറുകയും ചെയ്തു. പക്ഷേ റയൽ മാഡ്രിഡ് പിന്നീട് ബ്രസീലിൽ നിന്നും നിരവധി യുവ പ്രതിഭകളെ സ്വന്തമാക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്.വിനീഷ്യസ്,റോഡ്രിഗോ,എൻഡ്രിക്ക് എന്നിവരൊക്കെ അതിൽ ഉൾപ്പെടും. കൂടാതെ വേറെയും മികച്ച താരങ്ങളെ റയൽ സ്വന്തമാക്കിയിരുന്നു.
മാത്രമല്ല യുവതാരങ്ങൾ ആയിട്ട് പോലും ഇവർക്കൊക്കെ വേണ്ടി മികച്ച ഒരു തുക തന്നെ റയൽ മാഡ്രിഡ് ചിലവഴിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് ബ്രസീലിയൻ ഏജന്റായ ഫെഡറിക്കോ പെന ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.നെയ്മറെ നഷ്ടമായതോടുകൂടി മറ്റൊരു ബ്രസീലിയൻ പ്രതിഭയെയും വിട്ട് നൽകില്ല എന്ന തീരുമാനം റയൽ മാഡ്രിഡ് എടുത്തു എന്നാണ് പെന പറഞ്ഞിട്ടുള്ളത്.എൻഡ്രിക്കിന്റെ ഏജന്റാണ് ഇദ്ദേഹം.
നെയ്മർ ജൂനിയർ ബാഴ്സലോണയിലേക്ക് പോയ സമയത്ത് റയൽ മാഡ്രിഡ് ഒരു തീരുമാനം എടുത്തു. അതായത് വിനീഷ്യസ്,എൻഡ്രിക്ക് എന്നിവരെപ്പോലെയുള്ള പ്രതിഭകളെ ഒരു കാരണവശാലും കൈവിടില്ല എന്ന തീരുമാനമാണ് അവർ എടുത്തത്.എൻഡ്രിക്കിനെ സ്വന്തമാക്കാൻ വേണ്ടി ആദ്യം ചെൽസിയായിരുന്നു ഉണ്ടായിരുന്നത്. അവർ തന്നെയായിരുന്നു മുന്നിൽ. പക്ഷേ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ അവർക്ക് ആശങ്കകൾ ഉണ്ടായിരുന്നു.എന്നാൽ ആ സമയത്താണ് റയൽ മാഡ്രിഡ് വരുന്നത്.പാൽമിറാസ് ആവശ്യപ്പെട്ട തുക നൽകാൻ റയൽ മാഡ്രിഡ് തയ്യാറായി. അത് അവരെ സംബന്ധിച്ചിടത്തോളം അസാധ്യമായിരുന്നു,ഇതാണ് എൻഡ്രിക്കിന്റെ ഏജന്റ് പറഞ്ഞിട്ടുള്ളത്.
ബ്രസീലിലെ ടാലെന്റുകളെ പൊക്കാൻ എപ്പോഴും മുന്നിലുണ്ടാകുന്ന ക്ലബ്ബാണ് റയൽ മാഡ്രിഡ്. അങ്ങനെ സ്വന്തമാക്കിയ വിനീഷ്യസ് ജൂനിയർ മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.അടുത്ത സീസണിൽ എൻഡ്രിക്കും റയൽ മാഡ്രിഡിന് വേണ്ടി പന്ത് തട്ടാൻ ഉണ്ടാകും.