കഴിഞ്ഞ മത്സരത്തിൽ വിജയം പിടിച്ചെടുക്കാൻ ബ്രസീലിന് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്രസീൽ മെക്സിക്കോയെ പരാജയപ്പെടുത്തിയത്.ആൻഡ്രിയാസ് പെരേര, ഗബ്രിയേൽ മാർട്ടിനെല്ലി,എൻഡ്രിക്ക് എന്നിവരാണ് ബ്രസീലിന്റെ ഗോളുകൾ നേടിയത്.എൻഡ്രിക്കിന്റെ ഹെഡർ ഗോളാണ് യഥാർത്ഥത്തിൽ ബ്രസീലിനെ രക്ഷിച്ചത്.വിനീഷ്യസിന്റെ ക്രോസിൽ നിന്നായിരുന്നു എൻഡ്രിക്ക് ഹെഡർ ഗോൾ സ്വന്തമാക്കിയിരുന്നത്.
വളരെ കുറഞ്ഞ സമയം മാത്രം കളിച്ച എൻഡ്രിക്ക് ബ്രസീൽ ടീമിനുവേണ്ടി മൂന്ന് ഗോളുകൾ ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു. എന്നാൽ ഏറെക്കാലമായി കളിക്കുന്ന വിനിക്ക് അതിനനുസരിച്ചുള്ള ഒരു പ്രകടനം നടത്താൻ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ എൻഡ്രിക്കിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് വിനിക്ക് വിമർശനങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ എൻഡ്രിക്ക് തന്നെ മറുപടി നൽകിയിട്ടുണ്ട്.
ബ്രസീൽ എന്നത് ഒരു കുടുംബം പോലെയാണെന്നും ഇവിടെ താരതമ്യങ്ങൾക്ക് സ്ഥാനമില്ല എന്നുമാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്. ‘ഞങ്ങൾ ബ്രസീലിന് വേണ്ടിയാണ് കളിക്കുന്നത്.ബ്രസീലിയൻ ആരാധകർ ഞങ്ങളെ സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്.ഞങ്ങൾ ഒരിക്കലും താരതമ്യങ്ങൾ ആഗ്രഹിക്കുന്നില്ല.വിനിയേക്കാൾ മികച്ചത് ഞാനാണോ അതെല്ല റോഡ്രിഗോയേക്കാൾ മികച്ചത് വിനിയാണോ എന്നിങ്ങനെയുള്ള താരതമ്യങ്ങൾ ഒന്നും ആവശ്യമില്ല.ഞങ്ങൾ ഇവിടെ ഒരു കുടുംബമാണ് ‘ഇതാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ഇംഗ്ലണ്ട്,സ്പെയിൻ എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ ഗോൾ നേടിയ താരമാണ് എൻഡ്രിക്ക്. അതിന് പിന്നാലെയാണ് ഒരിക്കൽ കൂടി അദ്ദേഹം ഗോൾ കണ്ടെത്തിയിരിക്കുന്നത്.ഇനി ബ്രസീൽ അമേരിക്കയെയാണ് നേരിടുക.ആ മത്സരത്തിൽ ഡൊറിവാൽ താരത്തിന് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം നൽകുമോ എന്നത് വ്യക്തമല്ല.