റഫറി അവിടെ നിൽക്കട്ടെ.. നമ്മുടെ അവസ്ഥ എന്താണ്?
വളരെ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഐഎസ്എല്ലിൽ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. പൊതുവേ ദുർബലരെന്ന് വിലയിരുത്തപ്പെടുന്ന ഹൈദരാബാദ് എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ പരാജയപ്പെട്ടത്. കൊച്ചിയിലെ സ്വന്തം കാണികൾക്ക് മുന്നിൽ വെച്ചുകൊണ്ടാണ് ഈ തോൽവി വഴങ്ങേണ്ടി വന്നത്. ഇത് നാണക്കേട് വർദ്ധിപ്പിക്കുന്ന കാര്യമാണ്.
മത്സരത്തിൽ റഫറിയുടെ പിഴവുകൾ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിട്ടുണ്ട് എന്നത് ശരിയാണ്. ഒരിക്കലും അർഹിക്കാത്ത ഒരു പെനാൽറ്റി റഫറി ഹൈദരാബാദിന് നൽകി,ബ്ലാസ്റ്റേഴ്സിന് ലഭിക്കേണ്ട രണ്ട് പെനാൽറ്റികൾ നൽകിയതുമില്ല. ഇത് തന്നെയാണ് തോൽവിക്ക് കാരണം.പക്ഷേ ഈ കാരണം അവിടെ നിൽക്കട്ടെ. നമ്മുടെ ടീമിന്റെ പ്രകടനത്തെ കൂടി ഒന്ന് വിലയിരുത്തുന്നത് നന്നാവും.
പ്രകടനം നല്ലതായിരുന്നില്ല, അത് മത്സരശേഷം സ്റ്റാറേ തന്നെ പറഞ്ഞിട്ടുണ്ട്. ടാർഗറ്റിലേക്ക് കേവലം രണ്ട് ഷോട്ടുകൾ മാത്രമാണ് എടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുള്ളത്. ചില ഗോളവസരങ്ങൾ ബ്ലാസ്റ്റേഴ്സ് പാഴാക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം പകുതിയിൽ നോവ വന്നതിനുശേഷമാണ് ബ്ലാസ്റ്റേഴ്സ് കുറച്ചുകൂടി മെച്ചപ്പെട്ടത്.
ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പോരായ്മ ഡിഫൻസ് തന്നെയാണ്. എതിരാളികളിൽ നിന്നും കൗണ്ടർ അറ്റാക്കുകള്‍ വരുമ്പോൾ ആകെ പതറിപ്പോകുന്ന ഒരു ഡിഫൻസിനെയാണ് നമുക്ക് കാണാൻ കഴിയുക. അതുകൊണ്ടുതന്നെയാണ് ഈ സീസണിൽ എല്ലാ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് ഗോൾ വഴങ്ങേണ്ടി വന്നിട്ടുള്ളത്. ഒന്ന് രണ്ട് താരങ്ങൾ നന്നായി അധ്വാനിച്ച് കളിക്കുന്നു എന്നതു മാറ്റി നിർത്തിയാൽ ബാക്കിയുള്ള എല്ലാ താരങ്ങളും ശരാശരി പ്രകടനം മാത്രമാണ് നടത്തുന്നത്. അങ്ങനെ ഒരുപാട് പോരായ്മകൾ ബ്ലാസ്റ്റേഴ്സിനുണ്ട്.
8 മത്സരങ്ങൾ പിന്നിട്ടും ഇതൊന്നും പരിഹരിക്കാൻ പരിശീലകന് കഴിഞ്ഞിട്ടില്ല. അത് സ്റ്റാറേയുടെ പോരായ്മയാണ്. പല മത്സരങ്ങളിലും പല ഇലവനുകൾ അദ്ദേഹത്തിന് പരീക്ഷിക്കേണ്ടിവരുന്നു. ഒരു വിന്നിങ് ഇലവൻ ഇതുവരെ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.അതും പരിശീലകന്റെ പോരായ്മയാണ്. മൊത്തത്തിൽ ഒരുപാട് പ്രശ്നങ്ങൾ ബ്ലാസ്റ്റേഴ്സിൽ കിടക്കുന്നുണ്ട് എന്നത് വ്യക്തമാണ്.