കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷം നടന്ന സെലിബ്രേഷനിടെ അർജന്റൈൻ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസ് നടത്തിയ ചാന്റ് ഫുട്ബോൾ ലോകത്തെ വലിയ വിവാദമായിരുന്നു. ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന രൂപത്തിലുള്ള ചാന്റായിരുന്നു അത്.എൻസോയെ കൂടാതെ പല അർജന്റൈൻ താരങ്ങളും ഇതിന്റെ ഭാഗമായിരുന്നു. തെറ്റ് മനസ്സിലാക്കിയ എൻസോ പിന്നീട് പരസ്യമായി മാപ്പ് പറയുകയും ചെയ്തു.
എന്നാൽ ഇക്കാര്യത്തിൽ വലിയ പ്രതിഷേധങ്ങളാണ് താരത്തിന് ഏൽക്കേണ്ടി വരുന്നത്. എന്നാൽ താരത്തെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തിന്റെ പിതാവായ റൗൾ ഫെർണാണ്ടസ് വന്നിട്ടുണ്ട്. തന്റെ മകൻ റേസിസ്റ്റല്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇത് അർജന്റീനയിലെ ഫുട്ബോൾ കൾച്ചറാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
എന്റെ മകൻ ആരാണ് എന്നുള്ളത് എനിക്കറിയാം. അദ്ദേഹം ഒരു റേസിസ്റ്റല്ല. ഞങ്ങളുടെ ഫുട്ബോൾ കൾച്ചറും ഞങ്ങളുടെ ചാന്റുകളും സെലിബ്രേഷനുകളും മനസ്സിലാക്കാൻ യൂറോപ്പ്യൻമാർക്ക് ബുദ്ധിമുട്ട് ഉണ്ടാകും. അദ്ദേഹം എന്താണ് പാടിയത് എന്ന് പോലും അദ്ദേഹത്തിന് തിരിച്ചറിവുണ്ടാവില്ല. 2014 ജർമ്മനി വേൾഡ് കപ്പ് കിരീടം നേടിയതിനുശേഷം ഞങ്ങളെ അപമാനിച്ചുകൊണ്ടുള്ള ഗൗച്ചോസ് വാക്ക് നടത്തിയിരുന്നു. 2018ൽ മെസ്സിയുടെ ഉയരത്തെ കളിയാക്കി കൊണ്ടുള്ള പാട്ട് ഫ്രഞ്ച് താരങ്ങൾ പാടിയിരുന്നു. അന്ന് ആരും തന്നെ ഇതിനെതിരെ രംഗത്ത് വന്നില്ല, ഇതാണ് എൻസോയുടെ പിതാവ് പറഞ്ഞിട്ടുള്ളത്.
അതായത് ആ പാടുന്നത് എന്താണെന്ന് പോലും അറിയാതെ ഒരുമിച്ച് പാടുകയാണ് എൻസോ ചെയ്തിട്ടുള്ളത് എന്നാണ് അദ്ദേഹത്തിന്റെ പിതാവ് നൽകുന്ന വിശദീകരണം. ഏതായാലും എൻസോ ഇക്കാര്യത്തിൽ ഉടൻതന്നെ മാപ്പ് പറഞ്ഞിരുന്നു. പക്ഷേ ഇതിലെ വിവാദം ഇപ്പോഴും അവസാനിക്കുന്നില്ല.എൻസോയെ പിന്തുണച്ചുകൊണ്ട് അർജന്റീനയുടെ വൈസ് പ്രസിഡണ്ട് വരെ രംഗത്ത് വന്നിരുന്നു.