അർജന്റീന വിജയാഘോഷത്തിനിടയിൽ ഫ്രഞ്ച് താരങ്ങൾക്കെതിരെ റേസിസ്റ്റ് ചാന്റ്,എൻസോ വിവാദത്തിൽ, ഒടുവിൽ മാപ്പുപറഞ്ഞു!
ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം കൊളംബിയയെ തോൽപ്പിച്ചുകൊണ്ട് അർജന്റീന സ്വന്തമാക്കിയിരുന്നു. കിരീടവുമായി കഴിഞ്ഞദിവസം അർജന്റീന ടീം അംഗങ്ങൾ തങ്ങളുടെ രാജ്യത്തെ തിരിച്ചെത്തുകയും ചെയ്തിരുന്നു.ലയണൽ മെസ്സി അമേരിക്കയിൽ തുടരുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഈ കിരീടാഘോഷത്തിനിടയിൽ അർജന്റീന താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഒരു പ്രവർത്തി വലിയ വിവാദമായിട്ടുണ്ട്.
അതായത് ഈ താരങ്ങൾ റേസിസ്റ്റ് ചാന്റ് മുഴക്കുകയായിരുന്നു.എൻസോ ഫെർണാണ്ടസാണ് ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന ചാന്റ് പാടിയത്. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ലൈവിൽ ഇത് വ്യക്തമാവുകയായിരുന്നു. ആഫ്രിക്കൻ വംശജരായ ഫ്രഞ്ച് താരങ്ങളെ അപമാനിക്കുന്ന ചാന്റാണ് എൻസോ പാടിയിട്ടുള്ളത്.ഇത് വൻ വിവാദമായി മാറി.
ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ഇതിനെതിരെ സ്റ്റേറ്റ്മെന്റ് ഇറക്കി.ഇക്കാര്യത്തിൽ നടപടിയെടുക്കാൻ അവർ ഫിഫയെ സമീപിക്കുകയാണ്. മാത്രമല്ല എൻസോയുടെ ചെൽസിയിലെ സഹതാരങ്ങളും ഫ്രഞ്ച് താരങ്ങളും ഒക്കെ അദ്ദേഹത്തെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു.ഡിസാസി,ഫോഫാന തുടങ്ങിയ താരങ്ങളൊക്കെ ഈ അർജന്റൈൻ താരത്തെ അൺഫോളോ ചെയ്തിട്ടുണ്ട്.
വിവാദമായതോടുകൂടി എൻസോ ഇക്കാര്യത്തിൽ പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ട്. അത് ആ നിമിഷത്തിൽ സംഭവിച്ചു പോയതാണെന്നും ഒരിക്കലും മനപ്പൂർവ്വം ചെയ്തതല്ല എന്നുമാണ് എൻസോ നൽകുന്ന വിശദീകരണം. എല്ലാവരോടും അദ്ദേഹം മാപ്പ് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഒരു താരത്തിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള വംശീയമായ അധിക്ഷേപം പുറത്തുവന്നത് വലിയ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. കൂടുതൽ നടപടികൾ എൻസോക്ക് ഒരുപക്ഷേ നേരിടേണ്ടി വന്നേക്കും.മറ്റേതെങ്കിലും അർജന്റീന താരങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള അന്വേഷണവും നടന്നേക്കും.