ഇംഗ്ലണ്ടിൽ ഇന്നലെ എഫ്എ കപ്പിൽ നടന്ന മത്സരത്തിൽ ചെൽസിയും ആസ്റ്റൻ വില്ലയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരത്തിൽ ചെൽസി വിജയം സ്വന്തമാക്കി കഴിഞ്ഞു. നാലാം റൗണ്ട് പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയം സ്വന്തമാക്കിയത്. പരിശീലകനായ പോച്ചെട്ടിനോക്ക് ആശ്വാസം നൽകുന്നതാണ് ഈ വിജയം.
മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ കോണോർ ഗല്ലഗർ ചെൽസിക്ക് വേണ്ടി ഗോൾ നേടുകയായിരുന്നു. പിന്നീട് 10 മിനിറ്റിന് ശേഷം നിക്കോളാസ് ജാക്സൺ ചെൽസിക്ക് വേണ്ടി വീണ്ടും ഗോൾ നേടിക്കൊണ്ട് അവരുടെ ലീഡ് ഉയർത്തി. മത്സരത്തിന്റെ ആദ്യ പകുതി പിന്നിട്ട് കഴിഞ്ഞപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചെൽസി മുന്നിട്ട് നിൽക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ 54ആം മിനിട്ടിലാണ് അർജന്റൈൻ സൂപ്പർ താരമായ എൻസോ ഫെർണാണ്ടസിന്റെ ഗോൾ പിറന്നത്. ചെൽസിക്ക് ലഭിച്ച ഫ്രീകിക്ക് എൻസോ ഗോളാക്കി മാറ്റുകയായിരുന്നു. വില്ലയുടെ ഗോൾ പോസ്റ്റിൽ അർജന്റൈൻ ഗോൾകീപ്പർ ആയ എമിലിയാനോ മാർട്ടിനസായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തെ മറികടന്നു കൊണ്ടാണ് എൻസോ ഈ ഗോൾ കരസ്ഥമാക്കിയത്. ഒരു പവർഫുൾ ഫ്രീകിക്ക് തന്നെയായിരുന്നു എൻസോയിൽ നിന്നും പിറന്നത്. ബോക്സിന് കുറച്ചധികം വെളിയിൽ നിന്നുള്ള ഈ ഫ്രീകിക്ക് ഗോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
മാത്രമല്ല ഈ ഗോൾ നേടിയതിനു ശേഷം എൻസോ നടത്തിയ സെലിബ്രേഷൻ ശ്രദ്ധേയമാണ്. ലയണൽ മെസ്സി റയൽ മാഡ്രിഡിനെതിരെ നടത്തിയ ജേഴ്‌സി സെലിബ്രേഷനാണ് എൻസോ നടത്തിയിട്ടുള്ളത്. തന്റെ ജേഴ്സി ഊരിക്കൊണ്ട് അദ്ദേഹം ആരാധകർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയായിരുന്നു. മാത്രമല്ല മൈതാനത്തേക്ക് വിരൽ ചൂണ്ടി കൊണ്ടുള്ള ആംഗ്യവും ഇദ്ദേഹം കാണിച്ചിട്ടുണ്ട്.
അതായത് എൻസോ ചെൽസി വിടുമെന്നുള്ള റൂമറുകൾ കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നിരുന്നു. അതിനുള്ള ഒരു മറുപടി കൂടിയാണ് ഈ അർജന്റൈൻ സൂപ്പർ താരം ഇപ്പോൾ ഇതിലൂടെ നൽകിയിട്ടുള്ളത്. ചെൽസിയിൽ തന്നെ തുടരും എന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. പക്ഷേ മുൻപ് ബെൻഫിക്കയിലായിരുന്ന സമയത്ത് ഇതേ ആംഗ്യം കാണിച്ച് കുറച്ച് ദിവസങ്ങൾക്കകം അദ്ദേഹം ക്ലബ്ബ് വിടുകയും ചെയ്തിരുന്നു.അതുകൊണ്ടുതന്നെ ആരാധകർക്ക് അത്ര വിശ്വാസം. ഏതായാലും എൻസോയുടെ എമിക്കെതിരെ ഫ്രീകിക്ക് ഗോൾ വളരെയധികം വൈറലായിട്ടുണ്ട്.