ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തിയത്.ആദ്യപകുതിയിൽ ഒരു പെനാൽറ്റി ഗോൾ വഴങ്ങിയെങ്കിലും രണ്ടാം പകുതിയിൽ ഗംഭീര തിരിച്ചുവരവ് കേരള ബ്ലാസ്റ്റേഴ്സ് നടത്തുകയായിരുന്നു.പെപ്രയും ജീസസും നേടിയ ഗോളുകൾ ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചു.
എന്നാൽ ഈ മത്സരത്തിൽ ഉടനീളം മുഹമ്മദൻ എസ്സിയുടെ ആരാധകർ വളരെയധികം അഗ്രസീവ് ആയിരുന്നു.മൈതാനത്തേക്ക് പല വസ്തുക്കളും എറിഞ്ഞു എന്നുള്ളത് മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ അവർ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ആരാധകർ ഗോൾ ആഘോഷിക്കുന്ന സമയത്ത് വാട്ടർ ബോട്ടിലുകളും മരക്കഷണങ്ങളും അവർ എറിയുകയായിരുന്നു.മൂത്രം നിറച്ച വാട്ടർ ബോട്ടിലുകൾ വേറെ എറിഞ്ഞിട്ടുണ്ട് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.
അവരുടെ ക്ലബ്ബിന്റെ ജനറൽ സെക്രട്ടറി തന്നെ ഇക്കാര്യം വീഡിയോയിൽ പറയുകയും ചെയ്തിട്ടുണ്ട്.മൂത്രം നിറച്ച ബോട്ടിലുകൾ എറിഞ്ഞത് വളരെയധികം ദൗർഭാഗ്യകരമായി പോയി എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ബിലാൽ അഹമ്മദ് ഖാന്റെ വാക്കുകൾ നോക്കാം.
‘മൂത്രം നിറച്ച ബോട്ടിലുകൾ എറിഞ്ഞു എന്നുള്ളത് വളരെയധികം ദൗർഭാഗ്യകരമാണ്. നമ്മുടെ ക്ലബ്ബിന്റെ ആരാധകർക്ക് ഈ വിഷയത്തിൽ ആവശ്യമായ ബോധവൽക്കരണം നൽകാൻ ഞാൻ ഈ ക്ലബ്ബിന്റെ എല്ലാ ആരാധക കൂട്ടായ്മകളോടും ആവശ്യപ്പെടുന്നു.ഇത്തരം കാര്യങ്ങൾ എല്ലാം ഒഴിവാക്കേണ്ടതുണ്ട്.ഇന്നലെ സംഭവിച്ച കാര്യങ്ങളിൽ എനിക്ക് ശരിക്കും നാണക്കേട് തോന്നുന്നുണ്ട്.റഫറിമാരുടെ തെറ്റിന് റഫറിമാരുടെ അസോസിയേഷനുമായാണ് ബന്ധപ്പെടേണ്ടത്. അല്ലാതെ ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്. ഐഎസ്എല്ലിൽ ഇങ്ങനെ ഒന്ന് ഞാൻ കണ്ടിട്ടില്ല ‘ ഇതാണ് അവരുടെ ക്ലബ്ബിന്റെ സെക്രട്ടറി തന്നെ ആരാധകർക്കെതിരെ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഇന്ത്യൻ ഫുട്ബോൾ ഇത് വലിയ വിവാദമായിട്ടുണ്ട്.അവരുടെ ആരാധകർക്ക് കടുത്ത പ്രതിഷേധങ്ങളാണ് നേരിടേണ്ടിവരുന്നത്.ഐഎസ്എൽ അധികൃതർ ഇക്കാര്യത്തിൽ നടപടി എടുക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.