ബ്ലാസ്റ്റേഴ്സിന് അഭിനന്ദനങ്ങൾ, പക്ഷേ ഞങ്ങളായിരുന്നു വിജയിക്കേണ്ടിയിരുന്നത്:നോർത്ത് ഈസ്റ്റ് കോച്ച്!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മൂന്ന് മത്സരങ്ങൾ കളിച്ചു കഴിഞ്ഞു.ആദ്യ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെട്ടുവെങ്കിലും രണ്ടാമത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിക്കാൻ ക്ലബ്ബിന് സാധിച്ചു. മൂന്നാമത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.നോഹ സദോയി നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് സമനില നേടിക്കൊടുത്തത്. മത്സരത്തിന്റെ അവസാനത്തിൽ ഒരുപാട് ഗോളവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു.എന്നാൽ അതെല്ലാം കളഞ്ഞ് കുളിക്കുകയായിരുന്നു.
മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഗോളവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ 10 പേരായി ചുരുങ്ങിയതിനു ശേഷം അവർ പിൻവലയുകയായിരുന്നു. എന്നാൽ അത് മുതലെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല എന്നുള്ളതാണ് വസ്തുത. അല്ലായിരുന്നുവെങ്കിൽ മൂന്ന് പോയിന്റ്കൾ എവേ മൈതാനത്ത് സ്വന്തമാക്കാൻ ക്ലബ്ബിന് സാധിക്കുമായിരുന്നു.
നോർത്ത് ഈസ്റ്റിന്റെ പരിശീലകനായ യുവാൻ പെഡ്രോ ബെനാലി ഈ മത്സരത്തെ വിലയിരുത്തിയിട്ടുണ്ട്. പോയിന്റുകൾ തങ്ങളിൽ നിന്നും എടുത്തതിന് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനെ അഭിനന്ദിച്ചിട്ടുണ്ട്. മത്സരത്തിൽ നോർത്ത് ഈസ്റ്റിന് വിജയിക്കാമായിരുന്നു എന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.ബെനാലിയുടെ വാക്കുകൾ ഇങ്ങനെയാണ്.
‘ ആദ്യം കേരള ബ്ലാസ്റ്റേഴ്സിന് ഞാൻ അഭിനന്ദനങ്ങൾ നേരുന്നു. ഞങ്ങളിൽ നിന്നും പോയിന്റുകൾ അവർ എടുത്തു. ഞങ്ങൾക്ക് മത്സരം വിജയിക്കാമായിരുന്നു.ഒരുപാട് ഗോളവസരങ്ങൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു.ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച മത്സരം ആയിരുന്നു. ഏതായാലും ഇനി അടുത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം ‘ഇതാണ് നോർത്ത് ഈസ്റ്റ് കോച്ച് പറഞ്ഞിട്ടുള്ളത്.
3 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുകളാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. ഇനി അടുത്ത മത്സരത്തിൽ ഒഡീഷയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഒഡീഷയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. മറ്റന്നാൾ അഥവാ വ്യാഴാഴ്ചയാണ് ഈ മത്സരം അരങ്ങേറുക.