എവിടെയാണ് പിഴച്ചത്? ബ്ലാസ്റ്റേഴ്സ് പരിശീലകൻ വിലയിരുത്തുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആറാമത്തെ തോൽവിയാണ് ഇന്നലെ ഏറ്റുവാങ്ങിയത്.ചിരവൈരികളായ ബംഗളൂരു എഫ്സി രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.ഹാട്രിക്ക് നേടിയ സൂപ്പർ താരം സുനിൽ ഛേത്രിയാണ് അവർക്ക് വേണ്ടി തിളങ്ങിയത്.ശേഷിച്ച ഗോൾ റയാൻ വില്ല്യംസ് സ്വന്തമാക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ജീസസ് ജിമിനസ്,ഫ്രഡി എന്നിവരാണ് ഓരോ ഗോളുകൾ വീതം നേടിയത്.
ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ തങ്ങളുടെ മോശം പ്രകടനം തുടരുകയാണ്.11 മത്സരങ്ങളിൽ നിന്ന് കേവലം 11 പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.ഈ സീസണിൽ ഒരുപാട് ഗോളുകൾ ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടി വരുന്നുണ്ട്. ഇതെല്ലാം ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യമാണ്.ഇനി പ്ലേ ഓഫിലേക്ക് യോഗ്യത നേടണമെങ്കിൽ നന്നായി വിയർക്കേണ്ടി വരും.
മത്സരശേഷം ഈ തോൽവിയെ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേ വിലയിരുത്തിയിട്ടുണ്ട്.തോൽവിയിൽ താൻ വളരെയധികം നിരാശനാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. മത്സരത്തിലെ പിഴവുകളെ കുറിച്ചും സുനിൽ ഛേത്രിയുടെ മികവുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” അവസരങ്ങൾ മുതലെടുക്കുന്ന കാര്യത്തിൽ ഞങ്ങളെക്കാൾ മികച്ചത് ബംഗളൂരു എഫ്സി തന്നെയായിരുന്നു.ഒരുപാട് മികച്ചതായിരുന്നു എന്നൊന്നും പറയാൻ സാധിക്കില്ല.പക്ഷേ അവരുടെ ആദ്യത്തെ ഗോൾ കിടിലനായിരുന്നു. മത്സരത്തിൽ സുനിൽ ഛേത്രി കാണിച്ച മികവ് വളരെ വലുതായിരുന്നു. ആദ്യപകുതിയിൽ പ്രതീക്ഷിച്ച പോലെ കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. മാത്രമല്ല മധ്യത്തിൽ ഞങ്ങൾക്ക് ഡുവലുകൾ നഷ്ടപ്പെടുകയും ചെയ്തു. ഗോളുകൾ വഴങ്ങിയതോടെ ഞങ്ങൾ താളം തെറ്റുകയായിരുന്നു.ഈ തോൽവിയിൽ ഞാൻ വളരെയധികം നിരാശനാണ്.രണ്ട് ഈസി ഗോളുകൾ ഞങ്ങൾ വഴങ്ങുകയായിരുന്നു. അത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല ” ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും തുടർ തോൽവികളിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ വലിയ നിരാശരാണ്. പരിശീലകനായ മികയേൽ സ്റ്റാറേയെ പുറത്താക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്.എന്നാൽ സ്റ്റാറേയെ പുറത്താക്കിയാൽ പ്രശ്നം തീരില്ല എന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നം പരിശീലകൻ അല്ലെന്നും താരങ്ങളാണ് എന്നുമാണ് ചിലർ അഭിപ്രായപ്പെടുന്നത്.