2021ലായിരുന്നു ലയണൽ മെസ്സിക്ക് ബാഴ്സലോണ വിടേണ്ടി വന്നത്. രണ്ട് പതിറ്റാണ്ടോളം മെസ്സി ചിലവഴിച്ച ക്ലബ്ബ് ആയിരുന്നു ബാഴ്സ.ക്ലബ്ബിനകത്ത് തുടരാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.കരാർ പുതുക്കാൻ മെസ്സി തീരുമാനിച്ചിരുന്നുവെങ്കിലും അത് സാധിക്കില്ലെന്ന് ബാഴ്സ അറിയിക്കുകയായിരുന്നു. ഇതോടുകൂടിയായിരുന്നു താരത്തിന് ക്ലബ്ബ് വിടേണ്ടിവന്നത്.
പിന്നീട് മെസ്സി പിഎസ്ജിയിലേക്ക് പോയി. രണ്ടു വർഷക്കാലം അവിടെ ചിലവഴിച്ചു. മോശമല്ലാത്ത പ്രകടനം മെസ്സി വ്യക്തിപരമായി നടത്തിയിട്ടുണ്ടെങ്കിലും പിഎസ്ജിയുടെ മോശം പ്രകടനം കാരണം മെസ്സിക്ക് ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.പിന്നീട് മെസ്സി അമേരിക്കയിലേക്ക് പോയി. നിലവിൽ എംഎൽഎസ് ക്ലബായ ഇന്റർ മയാമിയുടെ താരമാണ് ലിയോ മെസ്സി.
ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ജേണലിസ്റ്റാണ് ഫാബ്രിസിയോ റൊമാനോ. ഇറ്റാലിയൻ പത്രപ്രവർത്തകനായ ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നാടകീയമായ ട്രാൻസ്ഫർ സാഗ മെസ്സിയുടെതാണ്. അപ്രതീക്ഷിതമായ പല കാര്യങ്ങളും സംഭവിച്ചു എന്നാണ് അതേക്കുറിച്ച് റൊമാനോ പറഞ്ഞിട്ടുള്ളത്. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഈ ജേണലിസ്റ്റ്.
ഞാൻ ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും നാടകീയമായ ട്രാൻസ്ഫർ സാഗ മെസ്സിക്ക് ബാഴ്സലോണ വിടേണ്ടി വന്നതായിരുന്നു.കരാർ പുതുക്കാൻ വേണ്ടി എല്ലാം റെഡിയായിരുന്നു.കോൺട്രാക്ട് സൈൻ ചെയ്യാൻ വേണ്ടിയായിരുന്നു മെസ്സി ബാഴ്സയിൽ എത്തിയിരുന്നത്.അത് സൈൻ ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് കരാർ പുതുക്കാൻ കഴിയില്ല എന്നത് ലാപോർട്ട അറിയിക്കുന്നത്. ക്ലബ്ബിനകത്തുള്ള എല്ലാവരും ഞെട്ടിപ്പോയി.FFP നിയന്ത്രണങ്ങൾ കാരണം ലാലിഗ അനുമതി നൽകിയില്ല എന്നായിരുന്നു പ്രസിഡന്റ് മെസ്സിയോട് പറഞ്ഞിരുന്നത്.ഇതായിരുന്നു ഏറ്റവും നാടകീയമായ നിമിഷങ്ങൾ,ഫാബ്രിസിയോ റൊമാനോ പറഞ്ഞു.
മെസ്സിക്ക് ബാഴ്സ വിടേണ്ടി വരുമെന്ന് ആരും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ക്ലബ്ബ് വിടേണ്ടിവരികയായിരുന്നു. ഇനി യൂറോപ്പിലേക്ക് മടങ്ങിവരവില്ല എന്നത് മെസ്സി തന്നെ പറഞ്ഞിട്ടുണ്ട്.ഇന്റർമയാമിയാണ് തന്റെ അവസാനത്തെ ക്ലബ്ബ് എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്.