ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ജീവന് ഒരു വിലയുമില്ലേ?GCDAക്കെതിരെ പ്രതിഷേധം ശക്തം,കോൺക്രീറ്റ് പാളി വീണ് ആരാധകന് പരിക്ക്!
കഴിഞ്ഞ മുംബൈക്കെതിരെയുള്ള മത്സരത്തിൽ ആവേശകരമായ വിജയമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനമായ കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നേടിയത്.ആ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ച ആരാധക പിന്തുണ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകർ പങ്കെടുത്ത മത്സരമായിരുന്നു അത്. ഏകദേശം 35,000 ത്തോളം ആരാധകരായിരുന്നു മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിരുന്നത്.
മത്സരത്തിന്റെ മുഴുവൻ സമയവും മഞ്ഞപ്പടയുടെ സ്റ്റാൻഡ് സജീവമായിരുന്നു.പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സുരക്ഷയുടെ കാര്യത്തിൽ ഇപ്പോഴും വലിയ ഭീതി നിലനിൽക്കുന്നുണ്ട്. സ്റ്റേഡിയത്തിന്റെ കുലുക്കം ഇതിനോടകം തന്നെ ചർച്ച ചെയ്യപ്പെട്ട കാര്യമാണ്.ഇതിനിടെ കഴിഞ്ഞ മത്സരത്തിനിടെ ഒരു ഭീകരമായ സംഭവം നടന്നിട്ടുണ്ട്. സ്റ്റേഡിയത്തിൽ നിന്നുള്ള ഒരു കോൺക്രീറ്റ് പാളി അടർന്ന് വീണ് ഒരു ആരാധകന്റെ ദേഹത്ത് വന്ന് പതിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ കൈക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്.ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ തന്നെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കൊച്ചി സ്റ്റേഡിയത്തിൽ വലിയ ഒരു ദുരന്തത്തെ നാം അഭിമുഖീകരിക്കേണ്ടിവരും.GCDA ക്കെതിരെ,അഥവാ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റിക്കെതിരെ ഇക്കാര്യത്തിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഈ സ്റ്റേഡിയത്തിന്റെ നടത്തിപ്പ് അവരാണ് വഹിക്കുന്നത്.
ഇത്രയധികം ആരാധകരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിന് മതിയായ സുരക്ഷകൾ ഒരുക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. മാത്രമല്ല അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വ്യാപക പരാതി ഇപ്പോൾ ഉയരുന്നുണ്ട്. സ്റ്റേഡിയത്തിൽ കുടിവെള്ളത്തിന്റെ അഭാവവും വലിയ രൂപത്തിൽ ചർച്ചചെയ്യുന്നുണ്ട്. കുടുംബവുമായി വന്ന് കുടിവെള്ളത്തിന് ക്ഷാമം നേരിട്ട ഒരു ആരാധകന്റെ വാക്കുകളും ട്വിറ്ററിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ജീവന് വിലയില്ലേ എന്ന് പലരും ചോദിക്കുന്നുണ്ട്.എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അതിന്റെ ആഘാതം വളരെ വലുതായിരിക്കും.ഓരോ മത്സരം കൂടുന്തോറും കേരള ബ്ലാസ്റ്റേഴ്സിന് ആരാധകരുടെ സ്റ്റേഡിയത്തിലെ പിന്തുണ വർദ്ധിച്ചുവരുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണ്.