കേരള ബ്ലാസ്റ്റേഴ്സ് ഫിയാഗോ ഫാൻസ് കപ്പ് കോമ്പറ്റീഷനിൽ വിജയിച്ചത് വലിയ രൂപത്തിൽ ചർച്ചയായിട്ടുണ്ട്.ഫുട്ബോൾ ലോകത്തെ പല പ്രധാനപ്പെട്ട ആരാധക കൂട്ടത്തെയും പരാജയപ്പെടുത്തി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ പോൾ കോമ്പറ്റീഷനിൽ വിജയിച്ചിട്ടുള്ളത്. ജർമ്മൻ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ട് ആണ് ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയം രുചിച്ചത്. ഒരു കടുത്ത പോരാട്ടത്തിനൊടുവിലാണ് അവർ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് അടിയറവ് പറഞ്ഞത്.
നാല് തവണയോളമാണ് ഈ പോളിൽ ബൊറൂസിയ ഡോർട്മുണ്ട് ഒഫീഷ്യൽ ചാനൽ ഇടപെട്ടത്.എന്നിട്ടും അവർക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.കടുത്ത പോരാട്ടമാണ് രണ്ട് ടീമിന്റെയും ആരാധകർക്കിടയിൽ നടന്നിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മാത്രം വിജയമല്ല ഇത്,മറിച്ച് ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഒന്നിച്ച് നിന്നത് കൊണ്ടാണ് ഇത് സാധ്യമായിട്ടുള്ളത്.
എന്നാൽ 10 വർഷമായിട്ടും ഒരൊറ്റ ട്രോഫി പോലും നേടാൻ കഴിയാത്ത ബ്ലാസ്റ്റേഴ്സിനെ ഇതുവച്ച് പലരും പരിഹസിക്കുന്നുണ്ട്. എന്തിനാണ് ഇതിനൊക്കെ പ്രാധാന്യം നൽകുന്നത് എന്നാണ് പലരും പരിഹാസരൂപേണ പറയുന്നത്.പക്ഷേ ഇതിന് കൃത്യമായ മറുപടികൾ ആരാധകർ നൽകുന്നുണ്ട്.ഈ പോൾ വിജയം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്.
അതായത് കിരീടം നേടുക എന്നത് ഒരിക്കലും ആരാധകരുടെ ഉത്തരവാദിത്തമല്ല.അത് ആരാധകർക്ക് ചെയ്യാൻ സാധിക്കുന്നതും അല്ല.മറിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ചെയ്യേണ്ട കാര്യമാണ്.അവിടെ ആരാധകർക്ക് പ്രത്യേകിച്ച് റോൾ ഒന്നുമില്ല.എന്നാൽ പോൾ കോമ്പറ്റീഷൻ അങ്ങനെയല്ല. അവിടെ ആരാധകരാണ് മത്സരിക്കേണ്ടത്. ടീമിനെ വിജയിപ്പിക്കേണ്ടത് ആരാധകരുടെ ഉത്തരവാദിത്തമാണ്.ആ ഉത്തരവാദിത്വമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഭംഗിയായി നിറവേറ്റിയത്.
അതുകൊണ്ടുതന്നെ തീർച്ചയായും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഈ വിജയം ആഘോഷിക്കാനുള്ള അർഹതയുണ്ട്. ടീമിന് ട്രോഫി ഇല്ല എന്നതിന്റെ പേരിൽ ആരാധകർ മിണ്ടാതിരിക്കണം എന്ന് പറയുന്നതിൽ യാതൊരു വിധ അർത്ഥവുമില്ല.ആരാധകരുടെ ഭാഗം അവർ എപ്പോഴും ഭംഗിയായി നിറവേറ്റിയിരിക്കും.അതിന്റെ തെളിവ് കൂടിയാണ് ഈ പോളിലെ വിജയം.അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് ആരാധകർ ഇത് ആഘോഷിക്കണം എന്ന് തന്നെയാണ് പല ആരാധകരും അഭിപ്രായപ്പെടുന്നത്.