പോർച്ചുഗീസ് സൂപ്പർ താരമായ പെപേ ഇന്നലെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പ്രൊഫഷണൽ ഫുട്ബോൾ അദ്ദേഹം അവസാനിപ്പിക്കുകയായിരുന്നു. 41 വയസ്സ് വരെ കളിക്കളത്തിൽ മികവോടുകൂടി തുടരാൻ കഴിഞ്ഞിട്ടുള്ള താരമാണ് പെപേ.878 മത്സരങ്ങൾ കളിച്ച താരം 34 കിരീടങ്ങൾ കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉറ്റ സുഹൃത്താണ് പെപേ.പോർച്ചുഗൽ ദേശീയ ടീമിൽ ദീർഘകാലം ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. മാത്രമല്ല റയൽ മാഡ്രിഡിൽ വച്ച് ഇരുവരും കളിക്കളം പങ്കുവെച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോയെ സംബന്ധിച്ചിടത്തോളം കളിക്കളത്തിലെ ഏറ്റവും മികച്ച സഹതാരമാണ് ഇപ്പോൾ വിടവാങ്ങുന്നത്.
വിരമിക്കൽ പ്രഖ്യാപിച്ചതിനുശേഷം തന്റെ ചങ്കിന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു വിടവാങ്ങൽ സന്ദേശം നൽകിയിട്ടുണ്ട്. താങ്കളെപ്പോലെ ഒരു സുഹൃത്തിനെ ലഭിച്ചതാണ് ഏറ്റവും വലിയ നേട്ടം എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുള്ളത്.താങ്കൾ എനിക്ക് ആരായിരുന്നുവെന്ന് വിശദീകരിക്കാൻ വാക്കുകൾ മതിയാകുന്നില്ലെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുണ്ട്.
നീ എനിക്ക് എന്തായിരുന്നു എന്ന് വിവരിക്കാൻ വാക്കുകൾ മതി വരുന്നില്ല സുഹൃത്തേ.കളിക്കളത്തിൽ വെച്ചുകൊണ്ട് എല്ലാ നേട്ടങ്ങളും നമ്മുടെ സ്വന്തമാക്കി. പക്ഷേ അതിനേക്കാൾ വലിയ നേട്ടം നിന്നെപ്പോലെയൊരു സുഹൃത്തിനെ ലഭിച്ചതും നമ്മുടെ സൗഹൃദവുമാണ്. അതുപോലെതന്നെ നമുക്ക് ഇടയിലുള്ള ബഹുമാനവുമാണ്. നീ അതുല്യനാണ് സഹോദരാ.എല്ലാത്തിനും നന്ദി, ഇതാണ് റൊണാൾഡോ സോഷ്യൽ മീഡിയയിൽ എഴുതിയിട്ടുള്ളത്.
ഒരു വലിയ കരിയറിനാണ് ഇപ്പോൾ തിരശ്ശീല വീണിട്ടുള്ളത്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയും അധിക കാലമൊന്നും കളിക്കളത്തിൽ ഉണ്ടാവില്ല.വരുന്ന വേൾഡ് കപ്പിൽ പോർച്ചുഗലിനു വേണ്ടി കളിക്കാൻ റൊണാൾഡോക്ക് പ്ലാനുകൾ ഉണ്ട്.അതിനുശേഷം താരം വിരമിക്കാനാണ് സാധ്യതകൾ കാണുന്നത്.