അല്ല യാസിറെ..പതിനേഴാം മിനിറ്റിൽ കളി തീർന്നെന്നു കരുതിയോ? കിടത്തത്തിന് പൊങ്കാലയിട്ട് ആരാധകർ.
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഏവരെയും അമ്പരപ്പിക്കുന്ന ഒരു തിരിച്ചുവരവാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകർ പോലും സ്വപ്നം കാണാത്ത വിധമുള്ള അവിശ്വസനീയമായ തിരിച്ചുവരവ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയപ്പോൾ അത് പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിറകിൽ പോയി തോൽവി മുന്നിൽകണ്ട് കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ നാല് ഗോളുകൾ നേടിക്കൊണ്ട് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഒരു ഫീനിക്സ് പക്ഷിയെ പോലെയാണ് ബ്ലാസ്റ്റേഴ്സ് ചിറകടിച്ച് ഉയർത്തെഴുന്നേറ്റത്.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ ബോർജസ് ഗോവക്ക് ലീഡ് നേടിക്കൊടുത്തിരുന്നു. പതിനേഴാം മിനിറ്റിൽ യാസിറിലൂടെ ഗോവ തങ്ങളുടെ ലീഡ് വർദ്ധിപ്പിക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സംഹാര താണ്ഡവമാണ് നമുക്ക് കാണാൻ കഴിഞ്ഞത്. രണ്ട് ഗോളുകളും ഒരു ദിമി നേടിക്കൊണ്ട് തകർത്താടുകയായിരുന്നു.കൂടെ സക്കായിയും ചെർനിച്ചും പൊളിച്ചടുക്കിയതോടെ ബ്ലാസ്റ്റേഴ്സ് 4-2 ന്റെ വിജയമാണ് കരസ്ഥമാക്കിയത്.
ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ ഈ വിജയം ആഘോഷിക്കുകയാണ്. പ്രത്യേകിച്ച് കഴിഞ്ഞ മൂന്ന് മത്സരങ്ങളും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. പക്ഷേ ഈ ആവേശ വിജയം ആരാധകരെ ത്രസിപ്പിച്ചിട്ടുണ്ട്. മാത്രമല്ല സോഷ്യൽ മീഡിയയിൽ ഗോവൻ താരം മുഹമ്മദ് യാസിറിന് ഇപ്പോൾ പൊങ്കാലയാണ്,ട്രോൾ മഴയാണ്.
അതായത് പതിനേഴാം മിനിറ്റിൽ നോഹയുടെ അസിസ്റ്റിൽ യാസിർ ഗോൾ കണ്ടെത്തുകയായിരുന്നു. അതിനുശേഷം അദ്ദേഹം നടത്തിയ സെലിബ്രേഷൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ചൊടിപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിൽ അദ്ദേഹം ചിരിച്ചുകൊണ്ട് കിടക്കുകയായിരുന്നു.കേരള ബ്ലാസ്റ്റേഴ്സിനെ വളരെയധികം പരിഹസിക്കുകയാണ് ആ സെലിബ്രേഷനിലൂടെ അദ്ദേഹം ചെയ്തത് എന്ത് വ്യക്തമാണ്. പക്ഷേ ഇത്തരം ഒരു തിരിച്ചടി തന്റെ ടീമിനെ ലഭിക്കുമെന്ന് യാസിറും കരുതിയിട്ടുണ്ടാവില്ല. രണ്ടാം പകുതിയിൽ നാല് ഗോളുകൾ വഴങ്ങി കൊണ്ടാണ് ഗോവയും യാസിറും കളിക്കളം വിട്ടത്.
വല്ലാത്തൊരു കിടത്തമായിപ്പോയി എന്നാണ് പലരും വിശേഷിപ്പിച്ചിട്ടുള്ളത്. പതിനേഴാം മിനിറ്റിൽ തന്നെ കളി തീർന്നെന്ന് കരുതിയോ എന്ന് പലരും താരത്തോട് ചോദിച്ചിട്ടുണ്ട്. മാത്രമല്ല താരം കിടക്കുന്ന മീം ഉപയോഗിച്ചുകൊണ്ട് പല ട്രോളുകളും ഇപ്പോൾ ഇറങ്ങുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് പുറകിൽ നിന്ന് സമയത്ത് ഗോകുലം കേരളയുടെ അൾട്രാസ് ഉൾപ്പെടെയുള്ളവർ ഇത് ഉപയോഗിച്ച് കേരള ബ്ലാസ്റ്റേഴ്സിനെ പരിഹരിച്ചിരുന്നു.എന്നാൽ ബ്ലാസ്റ്റേഴ്സ് വിജയം നേടിയതോടെ ഇത് തിരിച്ച് പണിയാവുന്നതാണ് അവർക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. ആരാധകരുടെ ഭാഷയിൽ യാസിറിന്റെ ‘ഷോ’ക്ക് വലിയ മറുപടിയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.