ഇതുവരെ തടയാൻ കഴിഞ്ഞിട്ടില്ല,എങ്ങനെ തടയുമെന്നറിയില്ല,പക്ഷേ ബഹുമാനം നൽകണം: മെസ്സിയെ കുറിച്ച് വാൽവെർദെ.
ലയണൽ മെസ്സി അതിപ്രധാനമായ ഒരു മത്സരത്തിലേക്ക് കടക്കുകയാണ്. വേൾഡ് കപ്പ് കോളിഫിക്കേഷൻ റൗണ്ടിൽ രണ്ടു നിർണായക മത്സരങ്ങളാണ് അർജന്റീനയെ കാത്തിരിക്കുന്നത്. പതിനേഴാം തീയതി നടക്കുന്ന മത്സരത്തിൽ ഉറുഗ്വയും ഇരുപത്തിരണ്ടാം തീയതി നടക്കുന്ന മത്സരത്തിൽ ബ്രസീലുമാണ് അർജന്റീനയുടെ എതിരാളികൾ. അർജന്റീനയെ വിജയത്തിലേക്ക് നയിക്കാൻ തന്നെയാണ് ക്യാപ്റ്റൻ മെസ്സി ശ്രമിക്കുക.
ലയണൽ മെസ്സിയെ തടയുക എന്നുള്ളത് തന്നെ എതിർ ടീമുകൾക്ക് ഒരു ഭാരിച്ച ജോലിയാണ്.അതുകൊണ്ടുതന്നെ മെസ്സിയെ നേരിടാൻ പോകുന്ന എല്ലാ എതിർ താരങ്ങൾക്കും പരിശീലകർക്കും ആദ്യം നേരിടേണ്ടിവരുന്ന ചോദ്യം മെസ്സിയെ എങ്ങനെ തടയും എന്നതാണ്.കാരണം അത് ഒരു ടാസ്ക് തന്നെയാണ്.ഉറുഗ്വയുടെ റയൽ മാഡ്രിഡ് സൂപ്പർ താരമായ ഫെഡ വാൽവെർദെയോടും ചോദിക്കപ്പെട്ടിരുന്നു,എങ്ങനെയാണ് ലയണൽ മെസ്സിയെ തടയുകയെന്ന്.
എങ്ങനെയാണ് മെസ്സിയെ തടഞ്ഞുനിർത്തുക എന്നത് തനിക്കറിയില്ല എന്നാണ് വാൽവെർദെ പറഞ്ഞിട്ടുള്ളത്. മെസ്സിയെ തടയാൻ ഇതുവരെ തനിക്ക് സാധിച്ചിട്ടില്ലെന്നും വാൽവെർദെ പറഞ്ഞിട്ടുണ്ട്. മാത്രമല്ല മെസ്സിയെ ബഹുമാനത്തോടുകൂടി നേരിടേണ്ടതുണ്ടെന്നും ഈ ഉറുഗ്വൻ താരം വ്യക്തമാക്കിയിട്ടുണ്ട്.ESPN ഉറുഗ്വയോട് സംസാരിക്കുന്ന വേളയിലാണ് വാൽവെർദെ ലയണൽ മെസ്സിയെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്.
എങ്ങനെയാണ് ലയണൽ മെസ്സിയെ തടയുക എന്നത് എനിക്കറിയില്ല. അതിനുവേണ്ടിയുള്ള യാതൊരുവിധ പദ്ധതികളും ഇല്ല.ഇതുവരെ ഞങ്ങൾ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ലയണൽ മെസ്സിയെ തടയാൻ എനിക്ക് സാധിച്ചിട്ടുമില്ല. ഞങ്ങൾ തീർച്ചയായും അദ്ദേഹത്തെ നേരിടേണ്ടത് എല്ലാവിധ ബഹുമാനത്തോടു കൂടിയുമാണ്.കാരണം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി,വാൽവെർദെ തന്റെ ഇന്റർവ്യൂവിൽ പറഞ്ഞു.
മാസ്മരിക പ്രകടനമാണ് അർജന്റീനയും ലയണൽ മെസ്സിയും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. മെസ്സിയെ തടയുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും.എന്നാൽ കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഉറുഗ്വ വരുന്നത്. അതുകൊണ്ടുതന്നെ ഒരു കടുത്ത പോരാട്ടമാണ് ലാ ബൊമ്പനേരയിൽ നമുക്ക് കാണാൻ സാധിക്കുക.