ചെർനിച്ചിന്റെ ദുരൂഹ കമന്റ്,ജീക്സൺ സിങ് കേരള ബ്ലാസ്റ്റേഴ്സ് വിടുകയാണോ?
അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിരുന്നു. വളരെ സുപ്രധാനമായ ഒരു മാറ്റം അവർ വരുത്തി കഴിഞ്ഞു. പരിശീലകൻ ഇവാൻ വുക്മനോവിച്ചിനെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കി. സീസണിൽ പുതിയ ഒരു പരിശീലകൻ കീഴിലാണ് ക്ലബ്ബ് ഇറങ്ങുക.പരിശീലകനു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടതോടെ വലിയ റൂമറുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.പല താരങ്ങളും കേരള ബ്ലാസ്റ്റേഴ്സ് വിട്ടുകൊണ്ട് മറ്റു ക്ലബ്ബുകളിലേക്ക് പോകാൻ ഉദ്ദേശിക്കുന്നുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്സിന് സുപ്രധാന താരങ്ങളെ നഷ്ടമായേക്കും എന്നുള്ള വാർത്തകൾ പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.ഈ കൂട്ടത്തിൽ ജീക്സൺ സിങ്ങുമുണ്ട്. പല ക്ലബ്ബുകൾക്കും അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.
ഇതിനിടെ കഴിഞ്ഞദിവസം ജീക്സൺ സിംഗ് തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിനെ കുറിച്ചായിരുന്നു അതിൽ സംസാരിച്ചിരുന്നത്. എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്. അടുത്ത സീസണിൽ കൂടുതൽ കരുത്തോടുകൂടി തിരിച്ചുവരും എന്നുള്ള വാഗ്ദാനവും ജീക്സൺ ആ പോസ്റ്റിനകത്ത് നൽകിയിട്ടുണ്ട്. പക്ഷേ അവിടെ ദുരൂഹമായ ഒരു സാഹചര്യം ഉണ്ടാക്കിയത് ഫെഡോർ ചെർനിച്ചാണ്. അദ്ദേഹത്തിന്റെ കമന്റ് ആരാധകർക്കിടയിൽ ഇപ്പോൾ വലിയ ചർച്ചയായിട്ടുണ്ട്.
Thank you michael for everything,Good luck in ATK എന്നാണ് ബ്ലാസ്റ്റേഴ്സ് താരമായ ചെർനിച്ച് കമന്റ് ആയി കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യം ജീക്സൺ സിങ്ങിന് നന്ദി പറയുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. പിന്നീട് ATK യിൽ എല്ലാവിധ ആശംസകളും നേരുകയും ചെയ്തിട്ടുണ്ട്. ഇവിടെ ATK എന്നതുകൊണ്ട് ചെർനിച്ച് ഉദ്ദേശിച്ചത് എന്താണ് എന്ന കാര്യത്തിലാണ് ദുരൂഹതകൾ ഉള്ളത്.ATK എന്ന ക്ലബ്ബ് നിലവിൽ ഇല്ല, പകരം മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് ഉള്ളത്.
മോഹൻ ബഗാന് ഈ താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.ജീക്സൺ സിങ് ബ്ലാസ്റ്റേഴ്സ് വിട്ടുകൊണ്ട് മോഹൻ ബഗാനിലേക്ക് പോകാൻ തീരുമാനിച്ചു എന്നാണ് പലരും ഈ കമന്റിനെ വ്യാഖ്യാനിച്ചിട്ടുള്ളത്.ജീക്സണുമായി ബന്ധപ്പെട്ട റൂമറുകൾ വ്യാപകമാവുകയും ചെയ്തിട്ടുണ്ട്. അതേസമയം ATK എന്നത് AT KERALA എന്നതിന്റെ ചുരുക്കമാണെന്നും ദുരൂഹതപ്പെടേണ്ടതില്ല എന്നുമാണ് ചിലർ വ്യാഖ്യാനിച്ചിരിക്കുന്നത്. ഏതായാലും ജീക്സൺ സിങ് കേരള ബ്ലാസ്റ്റേഴ്സ് വിടും എന്നുള്ള റൂമർ വളരെയധികം ശക്തമായി കഴിഞ്ഞിട്ടുണ്ട്.