കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലെ തങ്ങളുടെ സൈനിങ്ങ് നടത്തിക്കഴിഞ്ഞു. പരിക്കേറ്റ ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് പകരം മറ്റൊരു യൂറോപ്പ്യൻ ക്യാപ്റ്റനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.ലിത്വാനിയൻ ക്യാപ്റ്റനായ ഫെഡോർ ചെർനിച്ചിനെ സ്വന്തമാക്കിയ വിവരം കേരള ബ്ലാസ്റ്റേഴ്സ് തന്നെ ഒഫീഷ്യലായി കൊണ്ട് അറിയിക്കുകയായിരുന്നു. 32 കാരനായ താരം മുന്നേറ്റ നിരയിലാണ് കളിക്കുക.
പരിചയസമ്പത്തുള്ള ഒരു താരം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.എന്നാൽ ഇന്ത്യയിൽ കളിച്ച പരിചയമില്ല. ഏറ്റവും ഒടുവിൽ സൈപ്രസ് ലീഗിലാണ് കളിച്ചിട്ടുള്ളത്. മികച്ച ഗോളുകൾ തന്റെ കരിയറിൽ നേടിയിട്ടുള്ള ഒരു താരമാണ് ചെർനിച്ച്. അതെല്ലാം ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണെങ്കിലും അഡ്രിയാൻ ലൂണയുടെ വിടവ് നികത്തുക എന്ന വലിയ വെല്ലുവിളിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.
ഏതായാലും ഫ്രീ ഏജന്റായ താരത്തെ എത്തിക്കാൻ കഴിഞ്ഞതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീ നൽകേണ്ടി വന്നിട്ടില്ല. ഈ സീസൺ അവസാനം വരെയുള്ള ഒരു കോൺട്രാക്ടിലാണ് അദ്ദേഹം സൈൻ ചെയ്തിട്ടുള്ളത്.അദ്ദേഹത്തെ എന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ കാണാൻ കഴിയും എന്നത് ആരാധകർ അന്വേഷിക്കുന്ന കാര്യമാണ്.അതിനുള്ള ഉത്തരം ടൈംസ് ഓഫ് ഇന്ത്യ ഇപ്പോൾ നൽകി കഴിഞ്ഞു.
നിലവിൽ കലിംഗ സൂപ്പർ കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചു കൊണ്ടിരിക്കുന്നത്.അതിന്റെ സ്‌ക്വാഡ് കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നു. ഈ സൂപ്പർ കപ്പിന്റെ ഭാഗമാകാൻ വേണ്ടി ചെർനിച്ച് വരില്ല. സൂപ്പർ കപ്പിന് ശേഷമാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ജോയിൻ ചെയ്യുക. ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെക്കൻഡ് ലെഗ് ഫിക്സ്ച്ചറുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം എന്ന് നടക്കും എന്നത് വ്യക്തമല്ല. പക്ഷേ സെക്കന്റ് ലെഗിലെ ആദ്യത്തെ മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റം കുറിക്കാൻ താരം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.
12 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ കളിച്ചു കഴിഞ്ഞിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പതിമൂന്നാമത്തെ മത്സരത്തിൽ ഈ ലിത്വാനിയൻ ക്യാപ്റ്റൻ ക്ലബ്ബിനുവേണ്ടി അരങ്ങേറ്റം നടത്തിയേക്കും. അദ്ദേഹത്തെ ഏത് പൊസിഷനിലാണ് പരിശീലകൻ വുക്മനോവിച്ച് ഉപയോഗപ്പെടുത്തുക എന്നതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്.നിലവിൽ തകർപ്പൻ പ്രകടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടന്ന സൂപ്പർ കപ്പ് പോരാട്ടത്തിലും വിജയം കരസ്ഥമാക്കിയിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു ഷില്ലോങ് ലജോങ്ങിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.