ഒടുവിൽ എല്ലാവിധ റൂമറുകൾക്കും വിരാമം കുറിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് അഡ്രിയാൻ ലൂണയുടെ പകരക്കാരനെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. റൂമറുകളിൽ ഒന്നും തന്നെ ഇല്ലാത്ത താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. അത്രയും രഹസ്യമായി കൊണ്ട് ഈ സൈനിങ്ങ് നടത്താൻ അവർക്ക് കഴിഞ്ഞു.ലിത്വാനിയൻ താരമായ ഫെഡോർ ചെർനിഷിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.
ഈ സീസൺ അവസാനിക്കുന്നത് വരെയുള്ള ഒരു കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പു വച്ചിരിക്കുന്നത്. താരം ഫ്രീ ഏജന്റാണ്. അതുകൊണ്ടുതന്നെ ട്രാൻസ്ഫർ ഫീ ഒന്നും കേരള ബ്ലാസ്റ്റേഴ്സിന് മുടക്കേണ്ടി വന്നിട്ടില്ല. ഏറെക്കാലമായി ലിത്വാനിയ ദേശീയ ടീമിന് വേണ്ടി കളിക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് ഫെഡോർ ചെർനിഷ്. നിലവിൽ ലിത്വാനിയയുടെ ക്യാപ്റ്റൻ കൂടിയാണ് ഈ മുന്നേറ്റ നിര താരം.
32 വയസ്സുള്ള ഈ താരം മുന്നേറ്റ നിരയിലെ എല്ലാ പൊസിഷനുകളിലും കളിക്കും.ഫോർവേഡായി കൊണ്ടും വിങ്ങറായി കൊണ്ടും കളിക്കാൻ കഴിയുന്ന താരമാണ് ഇദ്ദേഹം.ഇദ്ദേഹത്തിന്റെ ഗോൾ വീഡിയോകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുന്നത്. പ്രത്യേകിച്ച് എക്‌സിൽ ആരാധകർ വ്യാപകമായി കൊണ്ട് അദ്ദേഹത്തിന്റെ ഗോൾ വീഡിയോസ് പങ്കുവെക്കുന്നുണ്ട്.
കരിയറിൽ മിന്നുന്ന ഗോളുകൾ നേടിയിട്ടുള്ള താരമാണ് അദ്ദേഹം. ഏകദേശം മൈതാനം മധ്യത്തിൽ നിന്ന് പന്തുമായി മുന്നേറി ബോക്സിനെ വെളിയിൽനിന്ന് കിടിലൻ ലോങ് റേഞ്ച് ഷോട്ടുകളിലൂടെ അദ്ദേഹം ഒരുപാട് ഗോളുകൾ നേടിയിട്ടുണ്ട്. മാത്രമല്ല ബുദ്ധിമുട്ടേറിയ ആംഗിളുകളിൽ നിന്ന് അദ്ദേഹത്തിന്റെ ഗോളുകൾ പിറന്നിട്ടുണ്ട്. അങ്ങനെ പ്രതീക്ഷകൾ നൽകുന്ന ഒരു പിടി മികച്ച ഗോളുകൾ ഇന്റർനാഷണൽ തലത്തിലും ക്ലബ്ബ് തലത്തിലും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ഇതെല്ലാം ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്.
ഇത്തരത്തിലുള്ള ഗോളുകൾ ഇന്ത്യൻ സൂപ്പർ ലീഗിലും അദ്ദേഹത്തിന് നേടാൻ കഴിയുമെന്നാണ് പ്രതീക്ഷകൾ. കേരള ബ്ലാസ്റ്റേഴ്സിൽ തിളങ്ങാൻ സാധിക്കുകയാണെങ്കിൽ തീർച്ചയായും അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ക്ലബ്ബ് സന്നദ്ധമായേക്കും. പക്ഷേ അടുത്ത സീസണിൽ അഡ്രിയാൻ ലൂണ തിരിച്ചെത്തുന്നു എന്നുള്ളത് തീർച്ചയായും സന്തോഷം നൽകുന്ന കാര്യമാണ്.