ബ്ലാസ്റ്റേഴ്സിലേക്കെത്തും മുമ്പ് 7000 മാത്രം,പിന്നീട് റോക്കറ്റ് കുതിക്കുന്ന പോലെ ഉയരത്തിലേക്ക്,ചെർനിച്ച് പോലും അന്താളിച്ചിട്ടുണ്ടാവും ഇത് കണ്ടിട്ട്.
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ വിദേശ സൈനിങ്ങ് ഇന്നലെ ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചു കഴിഞ്ഞു.പരിക്കു മൂലം ഈ സീസണിൽ നിന്നും പുറത്തായ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ സ്ഥാനത്തേക്കാണ് പുതിയ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.മറ്റൊരു ക്യാപ്റ്റനെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്, യൂറോപ്പ്യൻ രാജ്യമായ ലിത്വാനിയയുടെ കപ്പിത്താനായ ഫെഡോർ ചെർനിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.
മുന്നേറ്റ നിര താരമാണ് ഇദ്ദേഹം.ഈ സീസൺ അവസാനിക്കും വരെയാണ് അദ്ദേഹത്തിന് കോൺട്രാക്ട് ഉള്ളത്.ഫ്രീ ഏജന്റായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ സൈൻ ചെയ്തിട്ടുള്ളത്.അതുകൊണ്ടുതന്നെ ട്രാൻസ്ഫർ തുക മുടക്കേണ്ടി വന്നിട്ടില്ല.യൂറോപ്പിലെ പല ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചു പരിചയം. ഏറ്റവും ഒടുവിൽ സൈപ്രസിലായിരുന്നു ഇദ്ദേഹം കളിച്ചിരുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതോടുകൂടി ആരാധകർ ഈ താരത്തെ കുറിച്ചുള്ള അന്വേഷണങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. താരം നേടിയ മിന്നുന്ന ഗോളുകളുടെ വീഡിയോസ് എക്സ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.താരത്തിന്റെ കരിയറിനെ കുറിച്ചുള്ള വിശകലനങ്ങൾ ഒരുപാട് പുറത്തേക്ക് വരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ തിളങ്ങാനാകുമോ എന്ന ചർച്ചകൾ ആരാധകർ സജീവമായി നടത്തുന്നുണ്ട്. പതിവുപോലെ ഇൻസ്റ്റഗ്രാമിലും വലിയ ചലനങ്ങൾ ബ്ലാസ്റ്റേഴ്സ് ആരാധകർ സൃഷ്ടിച്ചിട്ടുണ്ട്.
അതായത് കേരള ബ്ലാസ്റ്റേഴ്സ് ഇദ്ദേഹത്തിന്റെ സൈനിങ്ങ് ഒഫീഷ്യലായി പ്രഖ്യാപിക്കുന്നതിനു മുൻപേ കേവലം 7000 ഫോളോവേഴ്സ് മാത്രമായിരുന്നു ചെർനിച്ചിന് ഉണ്ടായിരുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതോകൂടി കഥ മാറി. ആരാധകർ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തപ്പിപ്പിടിച്ച് കൂട്ടത്തോടെ ഒഴുകി.ആരാധക പ്രളയമാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ. 7000 ഉണ്ടായിരുന്നത് നിലവിൽ 70000 ഫോളോവേഴ്സിലേക്ക് എത്തിയിട്ടുണ്ട്. അത്രയേറെ വലിയ കുതിപ്പ് രേഖപ്പെടുത്തപ്പെട്ട് കഴിഞ്ഞു.
മാത്രമല്ല അദ്ദേഹത്തിന്റെ പോസ്റ്റുകളിൽ ആരാധകർ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്. എല്ലാവരും അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഈ പ്രവാഹം കണ്ടു അദ്ദേഹം പോലും അന്തം വിട്ടിട്ടുണ്ടാവും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.അത്രയും വലിയ പിന്തുണയും സ്നേഹവുമാണ് ഇപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. അതിനോട് നീതി പുലർത്താൻ താരത്തിന് കഴിയുമോ എന്നത് മാത്രമാണ് ഇനി കാണേണ്ടത്.