കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച കാര്യം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പരിക്കാണ്. അദ്ദേഹത്തിന് ഇനി ഈ സീസണിൽ കളിക്കാൻ കഴിയില്ല.റൂമറുകൾക്ക് വിരാമം കുറിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന്റെ പകരക്കാരനെ സ്വന്തമാക്കിയിരുന്നു. 32 വയസ്സുള്ള മുന്നേറ്റ നിര താരം ഫെഡോർ ചെർനിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസ് യൂറോപ്പിൽ നിന്നും കൊണ്ടുവന്നിട്ടുള്ളത്.
അദ്ദേഹത്തിന്റെ പ്രൊഫൈൽ നമുക്ക് വിശദമായി ഒന്ന് പരിശോധിക്കാം. യൂറോപ്പ്യൻ രാജ്യമായ ലിത്വാനിയയുടെ നിലവിലെ ക്യാപ്റ്റൻ ചെർനിച്ചാണ്. ഏറ്റവും അവസാനമായി അദ്ദേഹം കളിച്ചത് സൈപ്രസിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ AEL ലിമാസോളിന് വേണ്ടിയാണ്. 32 വയസ്സുള്ള ഈ താരം ജനുവരി ഒന്നാം തീയതി ഫ്രീ ഏജന്റ് ആവുകയായിരുന്നു. ക്ലബ്ബുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിച്ചു.ഫ്രീ ട്രാൻസ്ഫറിലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിട്ടുള്ളത്. അദ്ദേഹത്തിന് വേണ്ടി ട്രാൻസ്ഫർ ഫീ കേരള ബ്ലാസ്റ്റേഴ്സിന് മുടക്കേണ്ടി വന്നിട്ടില്ല.
ഒരു ഷോർട് ടെം കരാറിലാണ് അദ്ദേഹം ഒപ്പു വച്ചിരിക്കുന്നത്. ഈ സീസൺ അവസാനിക്കുന്നതോടുകൂടി ഈ കരാർ അവസാനിക്കും. യൂറോപ്പ്യൻ രാജ്യങ്ങളായ ലിത്വാനിയ, ബലാറസ്,പോളണ്ട്,റഷ്യ,സൈപ്രസ് എന്നിവിടങ്ങളിൽ കളിച്ചതിനുശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നത്. റഷ്യയിലെ പ്രശസ്ത ക്ലബ് ആയ ഡൈനാമോ മോസ്കോക്ക് വേണ്ടി ഇദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞു എന്നത് പ്രത്യേകം എടുത്തു പറയണം.യുവേഫ നാഷൻസ് ലീഗ്,യൂറോ യോഗ്യത മത്സരങ്ങൾ എന്നിവയിൽ ഒക്കെ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
ഇപ്പോൾ നടക്കുന്ന കലിംഗ സൂപ്പർ കപ്പിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ അദ്ദേഹം അരങ്ങേറ്റം കുറിക്കും.കരിയറിൽ ആകെ 400 ൽ പരം മത്സരങ്ങൾ ഇദ്ദേഹം കളിച്ചിട്ടുണ്ട്.അതിൽനിന്ന് ആകെ അദ്ദേഹം നേടിയിട്ടുള്ളത് 66 ഗോളുകളാണ്. 49 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ക്ലബ്ബ് തലത്തിലെ കണക്കുകളാണ് മുകളിൽ പറഞ്ഞത്. രണ്ടുതവണ ലിത്വാനിയൻ പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരം ഇദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിൽ ആയി ആകെ 19 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഏറ്റവും പീക് സമയം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ 25ആം വയസ്സായിരുന്നു. അതായത് 2016/17 സീസൺ.അന്ന് പോളിഷ് ക്ലബ്ബിന് വേണ്ടി 12 ഗോളുകളും 9 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പോളണ്ടിലെ ലീഗിൽ നാലാമത്തെ ടോപ് സ്കോറർ അദ്ദേഹം ആയിരുന്നു.
ലിത്വാനിയ ദേശീയ ടീമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം ഇദ്ദേഹമാണ്. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ആക്ടീവ് ടോപ് സ്കോറർ ഇദ്ദേഹമാണ്. അങ്ങനെ മോശമല്ലാത്ത ഒരു താരമാണ് ഫെഡോർ. ഒരു അസാമാന്യ താരം എന്ന് വിശേഷിപ്പിക്കാനില്ല, എന്നാൽ മോശക്കാരൻ എന്ന് വിശേഷിപ്പിക്കാനും ഇല്ല. ബ്ലാസ്റ്റേഴ്സിൽ എങ്ങനെയാണ് അദ്ദേഹത്തിന്റെ പെർഫോമൻസ് വരിക എന്നുള്ളത് മാത്രമാണ് ആരാധകർ ഉറ്റുനോക്കുന്നത്.