സൗത്ത് അമേരിക്കയിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് ജർമൻ കാനോ.കഴിഞ്ഞ കുറച്ച് സീസണുകളിലായി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ കാനോക്ക് സാധിക്കുന്നുണ്ട്. അർജന്റീനക്കാരനായ ഇദ്ദേഹം ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസിന് വേണ്ടിയാണ് കളിക്കുന്നത്. ഈ സീസണിലെ കോപ്പ ലിബർട്ടഡോറസ് കിരീടം ഫ്ലുമിനൻസായിരുന്നു സ്വന്തമാക്കിയിരുന്നത്.
സൗത്ത് അമേരിക്കയിലെ ചാമ്പ്യൻസ് ലീഗാണ് കോപ ലിബർട്ടഡോറസ്. ആ ടൂർണമെന്റിൽ 13 ഗോളുകളാണ് കാനോ നേടിയത്.മാത്രമല്ല കഴിഞ്ഞ സീസണിലും ഈ സീസണിലും ബ്രസീലിയൻ ലീഗിൽ തിളങ്ങാനും കാനോക്ക് സാധിച്ചിരുന്നു. സ്ട്രൈക്കർ പൊസിഷനിൽ വളരെ മികവോടുകൂടി കളിക്കുന്ന ഈ താരത്തിന് അർജന്റീനയുടെ നാഷണൽ ടീമിൽ അവസരം ലഭിച്ചിട്ടില്ല. ബ്രസീലിയൻ ഇതിഹാസമായ മാഴ്സെലോ ദിവസങ്ങൾക്കു മുമ്പ് ഇദ്ദേഹത്തെ അർജന്റീന ടീമിൽ എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇപ്പോൾ മറ്റൊരു ബ്രസീലിയൻ താരം കൂടി പ്രതിഷേധം അറിയിച്ചുകൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്. ഫ്ലുമിനൻസിന്റെ ബ്രസീലിയൻ താരം ഫെലിപെ മെലോയാണ് പ്രതിഷേധം അറിയിച്ചിട്ടുള്ളത്. ലയണൽ മെസ്സി കഴിഞ്ഞാൽ അർജന്റീനയിലെ ഏറ്റവും മികച്ച താരം കാനോയാണെന്നും അദ്ദേഹത്തെ ടീമിൽ എടുക്കാത്തതിലൂടെ സ്കലോണി എന്താണ് ചെയ്യുന്നതെന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്നുമാണ് മെലോ പറഞ്ഞിട്ടുള്ളത്.ബ്രസീലിയൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കലോണിക്ക് എന്താണ് പറ്റിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ സ്കലോണിക്കൊപ്പം കളിച്ചിട്ടുണ്ട്.അദ്ദേഹം വളരെ മികച്ച ഒരു വ്യക്തിയാണ്. പക്ഷേ ഫുട്ബോൾ നൈമിഷികമാണ്.ലയണൽ മെസ്സി കഴിഞ്ഞാൽ അർജന്റീനയിലെ ഏറ്റവും മികച്ച താരം ജർമൻ കാനോയാണ്. തീർച്ചയായും നിങ്ങൾ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തണം.അദ്ദേഹത്തിന് അവസരം നൽകണം.സൗഹൃദമത്സരം ആണെങ്കിൽ കൂടിയും നിങ്ങൾ അദ്ദേഹത്തെ വിളിക്കണം.ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന ഒരു താരമാണ് അദ്ദേഹം. അർജന്റീനയിലെ നമ്പർ വൺ ലയണൽ മെസ്സിയാണ്, നമ്പർ 2 ആണ് ജർമൻ കാനോ, ഇതാണ് മെലോ പറഞ്ഞിട്ടുള്ളത്.
ജർമൻ കാനോക്ക് ടീമിൽ ഇടം ലഭിക്കുക എന്നത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം അത്രയധികം മികച്ച സ്ട്രൈക്കർമാരെ നിലവിൽ അർജന്റീനയുടെ പരിശീലകന് ലഭ്യമാണ്. യൂറോപ്പിൽ തന്നെ മികച്ച രീതിയിൽ കളിക്കുന്ന നിരവധി സ്ട്രൈക്കർമാർ അർജന്റീന ദേശീയ ടീമിൽ ഇപ്പോൾ ലഭ്യമാണ്. പക്ഷേ ഭാവിയിൽ കാനോയെ സ്കലോണി പരിഗണിച്ചേക്കാം.